ഡിജിറ്റൽ യൂണി. വി.സി നിയമനം: ബില്ലിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ഗവർണറുടെ അംഗീകാരം

Thursday 25 September 2025 12:31 AM IST

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിൽ വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റിയെ നിയോഗിക്കുന്നതിനുള്ള നിലവിലെ വ്യവസ്ഥയടക്കം ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ കൊണ്ടുവരുന്ന ബില്ലിന്റെ ഇംഗ്ലീഷ് പരിഭാഷ ഗവർണർ അംഗീകരിച്ചു. ഇതോടെ നിയമസഭയിൽ ബിൽ അവതരിപ്പിക്കാം. സർവകലാശാല നിയമത്തിലെ പതിനൊന്നാം വകുപ്പിലെ (3), (4), (6) ഉപവകുപ്പുകളിലാണ് ഭേദഗതി. നേരത്തേ ഓർഡിനൻസിന് മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും സഭാസമ്മേളനം ആരംഭിച്ചതോടെ അത് അസാധുവായി.

ചീഫ് സെക്രട്ടറി കൺവീനറായുള്ള അഞ്ചംഗ സെർച്ച് കമ്മിറ്റിയാണ് നിലവിൽ. ചീഫ് സെക്രട്ടറിക്ക് പകരം ഉന്നതവിദ്യാഭ്യാസ കൗൺസിൽ പ്രതിനിധിയെ കൺവീനറാക്കിയാണ് ഭേദഗതി. ചാൻസലർ, യു.ജി.സി, സർവകലാശാല ബോർഡ് ഒഫ് ഗവർണേഴ്സ്, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവയുടെ പ്രതിനിധികളുമുണ്ടാവും. നിലവിലെ കമ്മിറ്റിയിൽ ചീഫ്സെക്രട്ടറിക്ക് പുറമെ ഇലക്ട്രോണിക്സ്- ഐ.ടി രംഗത്തെ വിദഗ്ദ്ധ അംഗം, ബോർഡ് ഒഫ് ഗവർണേഴ്സ് അംഗം, യു.ജി.സിയുടെയും സംസ്ഥാന സർക്കാരിന്റെയും പ്രതിനിധി എന്നിവരാണുള്ളത്. സർക്കാരുമായി ബന്ധമുള്ള ആരും സെർച്ച് കമ്മിറ്റികളിലുണ്ടാവരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാലാണ് ചീഫ്സെക്രട്ടറിയെയും സർക്കാർ പ്രതിനിധിയെയും ഒഴിവാക്കുന്നത്. വി.സിയായി നിയമിക്കപ്പെടുന്നവരുടെ പ്രായം 65വരെ ആകാമെന്നും വ്യവസ്ഥ ചെയ്തു. നിലവിൽ ഇത് 61വയസാണ്. അഞ്ചംഗ സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ നിന്ന് ഭൂരിപക്ഷം അംഗങ്ങൾ നിർദ്ദേശിക്കുന്നയാളെ വി.സിയായി ഗവർണർക്ക് നിയമിക്കാമെന്നും ഭേദഗതി വരുത്തും. യു.ജി.സി ചട്ടങ്ങൾക്കും സമീപകാലത്തുണ്ടായ കോടതി ഉത്തരവുകൾക്കും അനുസൃതമായാണ് ഭേദഗതിയെന്നാണ് സർക്കാർ വിശദീകരണം.