എയിംസിന്റെ പേരിൽ വിവാദം സൃഷ്ടിക്കാൻ ശ്രമം: മന്ത്രി രാജീവ്

Thursday 25 September 2025 12:34 AM IST

തിരുവനന്തപുരം: എയിംസിന്റെ പേരിൽ അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമം നടക്കുകയാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കേന്ദ്രം ആവശ്യപ്പെട്ട നടപടികളെല്ലാം കേരളം പൂർത്തിയാക്കിയിട്ടും എയിംസ് അനുവദിക്കാത്തത് ജനം ചർച്ചചെയ്യുമെന്നായപ്പോഴാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രസഹമന്ത്രി വിവാദത്തിന് ശ്രമിക്കുന്നത്.

കേന്ദ്രസഹമന്ത്രി ഒരു സ്ഥലം പറയുന്നു. അദ്ദേഹത്തിന്റെ പാർട്ടി നേതാവ് മറ്റൊരിടം പറയുന്നു. ഇതു സംബന്ധിച്ച് ഒരു വിവരവും കേന്ദ്ര സർക്കാർ കേരളത്തെ അറിയിച്ചിട്ടില്ല. അടിയന്തര മന്ത്രിസഭായോഗം ചേർന്ന് കോഴിക്കോട് കിനാലൂരിലുള്ള വ്യവസായ വകുപ്പിന്റെ സ്ഥലം എയിംസിനായി ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു. ഒപ്പം 50 ഏക്കറും ഏറ്റെടുത്തു. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. കേരളത്തിനു ശേഷം ആവശ്യപ്പെട്ടവർക്കെല്ലാം എയിംസ് നൽകിയെന്നും മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി.