ആ വരികൾ വീണപൂവിലേതല്ല; സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ച

Thursday 25 September 2025 1:39 AM IST

ന്യൂഡൽഹി: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മു‌ർമുവിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം മഹാനടൻ മോഹൻലാൽ നടത്തിയ പ്രസംഗം സൂപ്പർ. പക്ഷേ പ്രസംഗത്തിനിടെ ചൊല്ലിയ ആ രണ്ടുവരി കവിത മഹാകവി കുമാരനാശാന്റെ വീണപൂവിലേതല്ല. സാമൂഹിക മാദ്ധ്യമങ്ങളിൽ ഇന്നലെ ഈ മട്ടിൽ ചർച്ചകൾ സജീവമായി. സിനിമാ മേഖലയിലെ മൺമറഞ്ഞുപോയവരെ സ്‌മരിച്ചു കൊണ്ടാണ്,​ കുമാരനാശാന്റെ വീണപൂവിലെ രണ്ടുവരിയെന്ന നിലയിൽ കവിത ചൊല്ലിയത്. 'ചിതയിലാഴ്ന്നു പോയതുമല്ലോ, ചിരമനോഹരമായ പൂവിതു' എന്ന വരികൾ വീണപൂവിലെ അല്ലെന്ന് കവിതാ പ്രേമികൾ അടക്കം സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടു. അപ്പോൾ പിന്നെ ആരുടേതാണെന്ന് വിവിധ കോണുകളിൽ ചർച്ചയുയർന്നു. ചങ്ങമ്പുഴയുടേതാണെന്നും,​ അതല്ല പി. ഭാസ്‌ക്കരന്റേത് ആണെന്നും വരെ പരാമർശങ്ങളുണ്ടായി. ചാറ്റ് ജി.പി.ടി ചതിച്ചതാണെന്ന് ചില രസികന്മാർ എരിവുകയറ്റി. എന്തായാലും കവിതയുടെ ഉപജ്ഞാതാവിനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പലരും.