എൻ.എം.വിജയന്റെ ബാങ്ക് ബാദ്ധ്യത കെ.പി.സി.സി അടച്ചു തീർത്തു
കൽപ്പറ്റ: വയനാട് മുൻ ഡി.സി.സി ട്രഷററായിരുന്നു എൻ.എം. വിജയന് സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ ബാദ്ധ്യതയായുണ്ടായിരുന്ന 58, 23,047 രൂപ കെ.പി.സി.സി നേതൃത്വം ബാങ്കിൽ അടച്ചു. 69,53,727 രൂപയുടെ ബാദ്ധ്യതയാണ് ബാങ്കിലുണ്ടായിരുന്നത്. പലിശയും പിഴപ്പലിശയും ഒഴിവാക്കി 59,35,547 രൂപയാണ്. ബാങ്കിൽ ലോണെടുക്കുമ്പോൾ പിടിക്കുന്ന ഷെയർ തുകയായ 1,12,500 രൂപ കഴിച്ചുള്ള തുകയാണ് കെ.പി.സി.സി അടച്ചത്.
ബാങ്കിന്റെ ബാദ്ധ്യത സംബന്ധിച്ച പ്രശ്നം തീർന്നെങ്കിലും ബാങ്കിൽ പണയമായി വച്ച വസ്തുവിന്റെ ആധാരം തിരികെ നൽകുന്നതിന് നിയമപരമായ പ്രശ്നമുണ്ട്. വിജയൻ നോമിനിയായി ബാങ്കിൽ കാണിച്ചിരിക്കുന്നത് ഭാര്യ സുമയുടെ പേരാണ്. ഇവർ നേരത്തെ മരണപ്പെട്ടിരുന്നു.നേതൃത്വമുണ്ടാക്കിയ ബാദ്ധ്യതയെ തുടർന്ന് വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്തതോടെ മൂത്ത മകൻ വിജേഷാണ് ഇനിയുള്ള അവകാശിയെന്ന് തെളിയിക്കണം. അതിന്റെ നടപടിക്രമങ്ങൾ പൂർത്തികരിക്കുന്നതോടെ വസ്തുവിന്റെ ആധാരം കൈമാറുന്നതിന് തടസമില്ലെന്ന് ബാങ്ക് ചെയർമാൻ വ്യക്തമാക്കി.
എൻ.എം.വിജയന്റെ ബാദ്ധ്യത ഏറ്റെടുക്കാമെന്ന് കെ.പി.സി.സി നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. പാർട്ടി ഏറ്റെടുക്കുമെന്ന് ബാങ്കിന് നിർദേശം നൽകിയിരുന്നു. എം.എൽ.എമാരായ എ.പി.അനിൽകുമാറും, ടി.സിദ്ദിഖും പറഞ്ഞത്. പാർട്ടി തീരുമാനമെടുക്കുന്നത് വരെ ബാങ്ക് നിയമപരമായ ഒരു നടപടിയും സ്വീകരിക്കരുതെന്നാണ്. അതനുസരിച്ച് ഒരു നോട്ടീസ് പോലും വിജയന്റെ കുടുംബത്തിന് അയച്ചില്ലെന്ന് അർബൻ ബാങ്ക് ചെയർമാൻ ഡിപി.രാജശേഖരൻ പറഞ്ഞു.
പറഞ്ഞ കാര്യങ്ങളെല്ലാം ലംഘിച്ചു: പത്മജ
പറഞ്ഞ കാര്യങ്ങളെല്ലാം ലംഘിക്കപ്പെട്ടതിനാലാണ് കെ.പി.സി.സിക്ക് അന്ത്യശാസനം നൽകേണ്ടി വന്നതെന്ന് എൻ.എം.വിജയന്റെ മരുമകൾ പത്മജ പറഞ്ഞു. വിജയന് സുൽത്താൻ ബത്തേരി അർബൻ ബാങ്കിലുണ്ടായ കടബാദ്ധ്യത കെ.പി.സി.സി അടച്ചുതീർത്തതിനെപ്പറ്റിയുള്ള വാർത്താ ലേഖകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു പത്മജ. ഞങ്ങൾക്ക് ഞങ്ങളുടെ പട്ടയം എടുത്തു തരണം. അച്ഛൻ വ്യക്തമായി പറഞ്ഞിട്ടുണ്ട് പാർട്ടിക്ക് വേണ്ടി വച്ചിട്ടുള്ള ബാദ്ധ്യതയാണെന്ന് .അത് കിട്ടേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. ഒക്ടോബർ രണ്ട് മുതൽ വയനാട് ഡി.സി.സിക്ക് മുന്നിൽ നിരാഹാരമിരിക്കാനായിരുന്നു തീരുമാനം. ബാങ്കിലെ ബാദ്ധ്യത അടച്ചതിനെപ്പറ്റി കെ.പി.സി.സി നേതൃത്വമോ ഉപസമിതിയോ തന്നെയോ കുടുംബത്തെയോ അറിയിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു.
കോൺഗ്രസ് വാക്ക് പാലിച്ചു:ടി. സിദ്ധിഖ്
എൻ.എം വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട മുഴുവൻ ഉറപ്പുകളും കോൺഗ്രസ് പാലിച്ചെന്ന് ടി. സിദ്ധിഖ് എം.എൽ.എ . 20 ലക്ഷം രൂപ എൻ.എം വിജയന്റെ കുടുംബത്തിന് നേരിട്ട് ചെക്ക് മുഖാന്തിരം നൽകി. 23 ലക്ഷത്തോളം രൂപയുടെ അഹല്യ ഫിനാൻസിലെ ബാദ്ധ്യതയും പാർട്ടി ഏറ്റെടുത്ത് തീർത്തിരുന്നു. പാർട്ടി ഏറ്റെടുത്ത് പരിഹരിക്കാമെന്ന് പറഞ്ഞതിൽ ഉൾപ്പെട്ട സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ വിജയൻ താമസിച്ചിരുന്ന വീടിന്റെ പ്രമാണമാണ് ബാങ്കിൽ നിന്ന് എടുക്കാനുണ്ടായിരുന്നത്. 69,53000 രൂപ ഇതുമായി ബന്ധപ്പെട്ട് അടയ്ക്കാനുണ്ടായിരുന്നു. ഈ ബാദ്ധ്യതയയും പാർട്ടി ഏറ്റെടുത്ത് സമ്പൂർണമായി പരിഹരിച്ചതായും സിദ്ധീഖ് പറഞ്ഞു.