എം.ഡി.എം.എ വിപണനം: ഒമാനിലിരുന്ന് നിയന്ത്രിച്ച യുവതി അറസ്റ്റിൽ

Thursday 25 September 2025 12:45 AM IST
ഹരിത

കൊല്ലം: ഒമാനിലിരുന്ന് ജില്ലയിൽ എം.ഡി.എം.എ കച്ചവടം നിയന്ത്രിച്ചുവന്ന യുവതിയെ കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം നഗരത്തിൽ 75 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ മുഖ്യകണ്ണിയായ മങ്ങാട് വില്ലേജിൽ ശശി മന്ദിരത്തിൽ ഹരിതയാണ് (27) പിടിയിലായത്.

കഴിഞ്ഞമാസം 24ന് അഞ്ചുലക്ഷം രൂപ വില വരുന്ന 75 ഗ്രാം എം.ഡി.എം.എയുമായി പുന്തലത്താഴം സ്വദേശി അഖിൽ ശശിധരനെ കൊല്ലം സിറ്റി ഡാൻസാഫും വെസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയിരുന്നു. നഗരത്തിലെ വമ്പൻ ലഹരിമാഫിയ കണ്ണിയാണ് കടത്തിന് പിന്നിലെന്ന് വ്യക്തമായതോടെ കമ്മിഷണർ അന്വേഷണത്തിന് കൊല്ലം എ.സി.പി എസ്.ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചു.

നഗരത്തിലെ രണ്ട് വിതരണക്കാർക്ക് വേണ്ടിയാണ് അഖിൽ എം.ഡി.എം.എ എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. തുടർന്ന് അഖിലിനെ കാത്തുനിന്ന കല്ലുംതാഴം സ്വദേശി അവിനാഷ് പിടിയിലായി. ഇതോടെ ഒളിവിൽ പോയ രണ്ടാമത്തെ വിതരണക്കാരായ കൊല്ലം അമ്മച്ചിവീട് സ്വദേശി ശരത്തിനെ 12 ഗ്രാം എം.ഡി.എം.എ യുമായി പിന്നീട് പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹരിതയിലേക്ക് പൊലീസ് എത്തിയത്.

ഒമാനിൽ നിന്ന് നാട്ടിലെത്തിയ ഹരിത ഇന്നലെ അവിനാഷിനെയും ശരത്തിനെയും അഖിലിനെയും കാണാൻ ജില്ലാ ജയിലിൽ എത്തിയപ്പോൾ രഹസ്യമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ആർ.ഫയാസ്, എസ്.ഐ അൻസറുദീൻ, സി.പി.ഒമാരായ ശ്രീലാൽ, ദീപു ദാസ്, സലിം, അശ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ഉപയോഗിച്ചത് അമ്മൂമ്മയുടെ അക്കൗണ്ട്

 ഹരിതയുടെ അമ്മൂമ്മയുടെ അക്കൗണ്ടിലേക്കാണ് അവിനാശും ശരത്തും പൈസ അയച്ചിരുന്നത്

 ഈ പണം ഹരിത ബംഗളൂരുവിലെ മൊത്ത വിതരണക്കാരന് കൈമാറും

 എറണാകുളത്ത് എത്തിക്കുന്ന എം.ഡി.എം.എ അഖിലാണ് കൊല്ലത്ത് എത്തിച്ചിരുന്നത്

 കൊല്ലത്തെ വിതരണക്കാരും മൊത്തക്കച്ചവടക്കാരനും പരസ്പരം അറിയാതിരിക്കാൻ ഹരിത ശ്രദ്ധിച്ചു

 പൈസ ഗൂഗിൾ പേ വഴി അയയ്ക്കുന്നതും ലൊക്കേഷൻ അയച്ചുകൊടുക്കുന്നതും ഹരിതയാണ്

 ഹരിതയുടെ ഫോണിൽ നിന്ന് ലഹരി ഇടപാടിന്റെ തെളിവുകൾ ശേഖരിച്ചു

ഒരുതവണ കുടുങ്ങിയിട്ടും കച്ചവടം

എൻജിനിയറിംഗ് ബിരുദധാരിയായ ഹരിതയുടെ മാതാപിതാക്കൾ ഒമാനിലാണ്. അമ്മൂമ്മ കനകമ്മയ്ക്കൊപ്പമായിരുന്നു താമസം. രണ്ടാം പ്രതി അവിനാഷും ഹരിതയും കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. 2024 ഡിസംബറിൽ രണ്ട് ഗ്രാം എം.ഡി.എം.എയുമായി ഹരിതയെയും മൂന്ന് യുവാക്കളെയും എറണാകുളത്തെ ലോഡ്ജിൽ നന്ന് പൊലീസ് പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഒമാനിലേക്ക് പോയത്.