എൽ.ഡി.എഫ് ധർണ 26ന്
Thursday 25 September 2025 12:48 AM IST
കൊല്ലം: ഖത്തറിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 26ന് വൈകിട്ട് 4ന് കൊല്ലം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തുമെന്ന് ജില്ലാ കൺവീനർ പി.എസ്.സുപാൽ എം.എൽ.എ അറിയിച്ചു. ലോകത്ത് വലിയ യുദ്ധഭീതിയാണ് നിലനിൽക്കുന്നത്. യുദ്ധക്കൊതിയന്മാരായ സാമ്രാജ്യത്വശക്തികൾ രാജ്യങ്ങളുടെ പരമാധികാരത്തിന് ഭീഷണിയാണ്. അമേരിക്കയുടെ പിന്തുണയോടെ ഖത്തറിനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണം മനുഷ്യരാശിക്ക് നേരെയുള്ള അധിനിവേശമാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് ജനാധിപത്യ മതേതര വിശ്വാസികളുടെ കർത്തവ്യമാണ്. പ്രതിഷേധത്തിൽ എല്ലാ ജനാധിപത്യവിശ്വാസികളും പങ്കെടുക്കണമെന്ന് പി.എസ്.സുപാൽ എം.എൽ.എ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.