കലാ - കായിക അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം 1 : 300 ആക്കി ഉത്തരവായി
തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിൽ യു.പി വിഭാഗത്തിൽ കലാ – കായികാദ്ധ്യാപക -വിദ്യാർത്ഥി അനുപാതം 1:300 ആയി പുനഃക്രമീകരിച്ച് സർക്കാർ ഉത്തരവായി. കേരള വിദ്യാഭ്യാസചട്ടം (കെ.ഇ.ആർ) അനുസരിച്ച് യു.പി വിഭാഗത്തിൽ കായികാദ്ധ്യാപക തസ്തിക അനുവദിക്കാൻ കുറഞ്ഞത് 500 കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നാണ്. എന്നാൽ 2025–26 അദ്ധ്യയന വർഷത്തെ തസ്തിക നിർണയത്തിൽ തസ്തിക നഷ്ടപ്പെടുന്ന കലാ- – കായികദ്ധ്യാപകരെ നിലനിറുത്തുന്നതിനാണ് കെ.ഇ.ആറിൽ ഇളവ് നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. യു.പി വിഭാഗത്തിൽ 1:300 എന്ന അനുപാതം കണക്കാക്കുമ്പോൾ തസ്തിക നഷ്ടപ്പെടുന്നവരെ അതേ സ്കൂളിലെ എൽ.പി വിഭാഗം കൂടി ഒരുമിപ്പിച്ച് സംരക്ഷിക്കണം. ഹൈസ്കൂൾ വിഭാഗം കലാ-കായിക അദ്ധ്യാപകരുടെ സംരക്ഷണത്തിന് 10 –-ാം ക്ലാസിലെ പീരിയഡുകളുടെ എണ്ണം കൂടി പരിഗണിക്കണം. യുപി വിഭാഗം കൂടിയുള്ള ഹൈസ്‌കൂളുകളിൽ, ഹൈസ്കൂൾ വിഭാഗം കലാ-കായിക അദ്ധ്യാപകനെ അതേ സ്കൂളിലെ യുപി വിഭാഗത്തെ കൂടി ഒരുമിപ്പിച്ച് സംരക്ഷിക്കണം. 1: 300 ആയി അനുപാതം കുറയ്ക്കുന്നതിലൂടെ സ്കൂളുകളിൽ അധിക തസ്തികകൾ സൃഷ്ടിച്ച് പുതിയ നിയമനം നടത്തരുതെന്നും ഉത്തരവിൽ പറയുന്നു.