ചാലിയാർ റിവർ പാഡിൽ ഒക്‌ടോബർ മൂന്നുമുതൽ

Thursday 25 September 2025 1:20 AM IST

നിലമ്പൂർ: ഏഷ്യയിലെ രണ്ടാമത്തെ ദീർഘദൂര കയാക്കിംഗ് യാത്രയായ ചാലിയാർ റിവർ പാഡിൽ ഒക്‌ടോബർ മൂന്നു മുതൽ അഞ്ചു വരെ നടക്കും. ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായാണ് യാത്ര. ലോക കയാക്കിംഗ് താരങ്ങളോടൊപ്പം തുടക്കകാർക്കും തുഴയെറിയാമെന്നതാണ് ചാലിയാർ റിവർ പാഡിലിന്റെ സവിശേഷത.

വിവിധ തരം കയാക്കുകളിലും സ്റ്റാൻഡ് അപ്പ് പാഡിലിലും പായ്‌വഞ്ചിയിലും ചുരുളൻ വള്ളത്തിലുമായാണ് മൂന്നു ദിവസത്തെ യാത്ര. നിലമ്പൂരിലെ മാനവേദൻ എച്ച്.എസ്.എസിന് സമീപത്തുള്ള കടവിൽ നിന്ന് ഒക്‌ടോബർ മൂന്നിന് വൈകിട്ട് രണ്ടിന് ബോധവത്കരണ യാത്ര ആരംഭിക്കും. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ യാത്ര ഉദ്ഘാടനം ചെയ്യും. പി.വി. അബ്ദുൽ വഹാബ് എം. പി യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ഒക്‌ടോബർ അഞ്ചിന് വൈകിട്ട് രണ്ടിന് കോഴിക്കോട് ചെറുവണ്ണൂരിൽ യാത്ര സമാപിക്കും.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് ക്ലബ്ബാണ് യാത്ര സംഘടിപ്പിക്കുന്നത്. രാജ്യത്തു നിന്നും വിദേശത്തു നിന്നുമായി 75 ആളുകളാണ് പങ്കെടുക്കുക. 10 മുതൽ 70 വയസ്സുവരെയുള്ളവർ സംഘത്തിലുണ്ടാവും. ചാലിയാറിലൂടെ ഇവർ 68 കിലോമീറ്ററാണ് സഞ്ചരിക്കുക.രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് കയാക്കിംഗ്.

മൂന്നു ദിവസംകൊണ്ട് ചാലിയാർ പുഴയിൽ നിന്നും ഏകദേശം 2000 കിലോഗ്രാം മാലിന്യം ശേഖരിക്കുവാനാണ് സംഘം ലക്ഷ്യമിടുന്നതെന്ന് ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക, മാനേജിങ് ഡയറക്ടർ റിൻസി ഇക്ബാൽ എന്നിവർ പറഞ്ഞു. മാലിന്യം വേർതിരിച്ച് പുനഃചംക്രമണത്തിന് അയയ്ക്കും. പുഴയിൽ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോദ്ധ്യപ്പെടുത്തും. ചാലിയാറിന്റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി നദീസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. നാട്ടുകാർക്കും കുട്ടികൾക്കും വിവിധ തരം ജല കായിക വിനോദങ്ങൾ പരിചയപ്പെടുത്തും. യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെറുവണ്ണൂർ ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് ക്ലബ്ബിൽ ഒക്‌ടോബർ ഒന്നുവരെ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 9400893112.