ജൽ ജീവൻ പദ്ധതി: തുവ്വൂർ പഞ്ചായത്തിൽ തുടങ്ങിയേടത്ത് തന്നെ

Thursday 25 September 2025 1:23 AM IST

തുവ്വൂർ: മലയോര മേഖലയിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ബൃഹദ് പദ്ധതിയായ ജലജീവൻ പദ്ധതിയുടെ പ്രവർത്തനം തുവ്വൂർ പഞ്ചായത്തിൽ തുടങ്ങിയേടത്ത് തന്നെ.

ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി വീടുകളിലേക്കുള്ള പൈപ്പ് സ്ഥാപിക്കൽ ഭാഗികമായി മാത്രമാണ് നടത്തിയിട്ടുള്ളത്. പൈപ്പിടൽ കരാറുകാർ നിറുത്തി വച്ചിരിക്കുകയാണ്. മെയിൻ ജലസംഭരണിക്കായുള്ള സ്ഥലം കണ്ടെത്തി എന്നല്ലാതെ മറ്റു പ്രവൃത്തികളൊന്നും നടത്തിയിട്ടില്ല.

നേരത്തെ പൈപ്പിടുന്നതിനായി റോഡു പൊളിച്ചത് പുനർ നിർമ്മിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധവുമുണ്ട്.

കേന്ദ്ര സർക്കാർ പദ്ധതിയായ ജൽജീവൻമിഷൻ,

ഗ്രാമീണ മേഖലയിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണ്. തുവ്വൂർ പഞ്ചായത്തിൽ ഏഴായിരം കുടുംബങ്ങൾക്ക് വെള്ളമെത്തിക്കാനാണ് പദ്ധതി. ഇതിനായി മുവ്വായിരത്തോളം വീടുകളിൽ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്.തുവ്വൂർ വലിയട്ടയ്ക്കടുത്തുള്ള സംഭരണിയിലേക്ക് മെയിൻ പൈപ്പുകൾ ഒന്നും സ്ഥാപിച്ചിട്ടില്ല.

പത്തു ശതമാനം ഗുണഭോക്തൃ വിഹിതം പഞ്ചായത്ത് വഹിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും പഞ്ചായത്തിന് വഹിക്കാനാവില്ല.

ജൽ ജീവൻ പദ്ധതിയിലെ കരാറുകാർക്ക് ഭീമമായ തുക കുടിശ്ശിക ലഭിക്കാനുള്ളതുകൊണ്ടാണ് കരാറുകാർ ജോലി നിറുത്തിയതെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്.

ഇപ്പോഴത്തെ നിലയിൽ പോയാൽ അടുത്ത കാലത്തൊന്നും പദ്ധതി പൂർത്തിയാവുമെന്ന് പ്രതീക്ഷയില്ല

സി.ടി ജസീന,​ തുവ്വൂർ പഞ്ചായത്ത് പ്രസിഡന്റ്

7,​000 കുടുംബങ്ങൾക്ക് വെള്ളമെത്തിക്കാനുദ്ദേശിച്ചുള്ളതാണ് തുവ്വൂർ പഞ്ചായത്തിലെ പദ്ധതി