കാറിൽ ചെളി അഭിഷേകം നടത്തി സ്കൂട്ടർ യാത്രക്കാരൻ

Thursday 25 September 2025 2:27 AM IST

തുറവൂർ : തന്റെ ശരീരത്തിലേക്ക് ചെളി തെറിപ്പിച്ച കാറിൽ ചെളി അഭിഷേകം നടത്തി സ്കൂട്ടർ യാത്രക്കാരൻ. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി ഉയരപ്പാത നിർമ്മാണം നടക്കുന്ന അരൂർ–തുറവൂർ പാതയിൽ ചന്തിരൂർ ഭാഗത്ത് കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.

കാർ മറികടന്നപ്പോൾ ചെളിവെള്ളം തെറിച്ച് സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്ത് വീണു. ക്ഷുഭിതനായ യാത്രക്കാരൻ കാറിനെ പിന്തുടർന്ന് സ്കൂട്ടർ വട്ടം വച്ച് കാർ നിറുത്തിച്ചു. തുടർന്ന് റോഡിലെ ചെളിവെള്ളം കൈകൊണ്ട് കോരി കാറിന്റെ മുകൾഭാഗത്തും വശങ്ങളിലും ഒഴിക്കുകയായിരുന്നു. പ്രതികരിക്കാതെ കാറുടമ ഉടൻ മുന്നോട്ടെടുത്ത് പോകുന്നതും വീഡിയോയിൽ കാണാം. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ സ്കൂട്ടർ യാത്രക്കാരന്റെ മുഖം വ്യക്തമല്ല.