ഭൂട്ടാൻ വാഹനക്കടത്ത്: മൂന്ന് മാസത്തെ രഹസ്യാന്വേഷണം

Thursday 25 September 2025 2:30 AM IST

തിരുവനന്തപുരം: ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന്റെ കൂടി സഹായത്തോടെ സംസ്ഥാനത്ത് മൂന്നു മാസത്തിലേറെ നീണ്ട രഹസ്യാന്വേഷണത്തിന് ഒടുവിലാണ് കസ്റ്റംസ് വിപുലമായ പരിശോധനയിലേക്ക് കടന്നതെന്ന് സൂചന. ഭൂട്ടാനിൽ നിന്ന് വാഹനം നേരത്തെയും എത്തിച്ചിരുന്നെങ്കിലും ഭൂട്ടാൻ പട്ടാളം ഉപയോഗിച്ചവ ഉൾപ്പെടെ കടത്തിയത് അടുത്ത കാലത്താണ്.

അതേസമയം, പരിശോധനയിൽ തങ്ങൾക്ക് റോളില്ലെന്ന നിലപാടിലാണ് എം.വി.ഡി. സെലിബ്രിറ്റികൾ ഉൾപ്പെടെ സംശയനിഴലിലായ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ ചോരരുതെന്ന് നിർദ്ദേശം നൽകിയിരുന്നതായി സൂചനയുണ്ട്. ഭൂട്ടാൻ മിലിട്ടറി ലേലം ചെയ്ത 150 വാഹനങ്ങളാണ് അടുത്തിടെ ഇന്ത്യയിലേക്ക് കടത്തിയതെന്നും അതിൽ 20 എണ്ണം കേരളത്തിൽ എത്തിയെന്നും ഈ മാസം ഒന്നിന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ഭൂട്ടാൻ പട്ടാളത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ലാൻഡ് ക്രൂസർ, ലാൻഡ് റോവർ എസ്.യു.വികളും പട്രോളിംഗിനായി ഉപയോഗിക്കുന്ന ടാറ്റ എസ്.യു.വികളും ഉൾപ്പെടെയാണ് കടത്തിയത്. ഇന്ത്യൻ വാഹനമാണെന്നു തെറ്റിദ്ധരിപ്പിക്കാൻ ഹിമാചൽപ്രദേശിലെ ഷിംല റൂറലിലാണ് (എച്ച്.പി 52) കൂടുതൽ വാഹനങ്ങളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനക്കടത്തിൽ കോയമ്പത്തൂർ സ്വദേശിയായ ഒരാൾക്കും പങ്കുള്ളതായി അറിയുന്നു.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയ രേഖകളിലൊന്ന് 2022 സെപ്തംബറിൽ ഹിമാചലിലെ വാഹന ഏജന്റ് ഡൽഹി മായാപുരിയിലുള്ള കാർ വില്പനക്കാരന് വിറ്റ ടൊയോട്ട പ്രാഡോ കാറിന്റേതാണ്. ഒരു ലക്ഷം രൂപയ്ക്കായിരുന്നു ആദ്യ വില്പന. ഇത് കേരളത്തിൽ 40 ലക്ഷം രൂപയ്ക്കു മറിച്ചു വിൽക്കുകയായിരുന്നു.