ഭൂട്ടാൻ വാഹനക്കടത്ത്: ഹൈക്കോടതിയിലും പരാമർശം

Thursday 25 September 2025 2:30 AM IST

കൊച്ചി: ഭൂട്ടാനിൽ നിന്ന് ആഡംബരക്കാറുകൾ കടത്തിയ സംഭവം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുമെന്ന് ഇ.ഡിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി ബന്ധപ്പെട്ട ഒരു കേസിലെ അപ്പീൽ പരിഗണിക്കവേയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കാർ കടത്ത് പരാമർശിച്ചത്. ഇ.ഡിയുടെ പരിധിയിൽ വരുന്ന വിഷയമാണെന്നും പരിശോധിച്ചു വരികയാണെന്നും അഭിഭാഷകൻ ജയശങ്കർ വി. നായർ മറുപടി നൽകി.

ആറുമാസം മുമ്പ്

പരിശോധിച്ചിരുന്നു:

അമിത് ചക്കാലക്കൽ

തന്റെ കൈവശമുള്ള വാഹനങ്ങളെ സംബന്ധിച്ച രേഖകൾ ആറു മാസം മുമ്പ് കസ്റ്റംസ് പരിശോധിച്ചിരുന്നുവെന്ന് നടൻ അമിത് ചക്കാലക്കൽ പറഞ്ഞു. പിടിച്ചെടുത്ത ഏഴ് വാഹനങ്ങൾ എന്റെ ഗാരേജിൽ കിടന്നതാണ്. അതിൽ ഒരു കാർ മാത്രമാണ് എന്റേത്. കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള സംഘത്തെക്കുറിച്ച് കസ്റ്റംസ് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.