കേരളം ഹൈടെക് മാനുഫാക്ചറിംഗ് മേഖലയുടെ ഹബ്ബാവും: മന്ത്രി പി.രാജീവ്
തിരുവനന്തപുരം: സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ മൂല്യവർദ്ധന നേടാൻ കഴിയുന്നത് ഹൈടെക് മാനുഫാക്ചറിംഗിൽ ആയതിനാൽ ആ മേഖലയുടെ ആഗോള ഹബ്ബായി കേരളം മാറുമെന്ന് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു. പുതിയ വ്യാവസായിക നയത്തിന്റെ ഭാഗമായി ഉയർന്ന നിലവാരമുള്ള മാനുഫാക്ചറിംഗ് പ്രവർത്തനങ്ങൾക്കും അനുബന്ധ സേവനങ്ങൾക്കുമുള്ള മികച്ച ഇടമാക്കാനുള്ള ഹൈടെക് മാനുഫാക്ചറിംഗ് ഫ്രെയിംവർക്കിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിസർച്ച് ആൻഡ് ടെക്‌നോളജി,ലോജിസ്റ്റിക്‌സ്,ഡിസൈൻ,മാർക്കറ്റിംഗ് എന്നിവ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഈ ഫ്രെയിംവർക്കിൽ ചെയ്യുന്നത്. വ്യവസായത്തിന് അനുസൃതമായ ചട്ടക്കൂട് സർക്കാർ ഒരുക്കിക്കൊടുക്കുന്നതിനൊപ്പം പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി ) മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ്.പി,കെ.എസ്.ഐ.ഡി.സി എക്സിക്യുട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ.ആർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.