വോട്ടർ പട്ടിക: പേരു ചേർക്കാനും ഒഴിവാക്കാനും മൊബൈൽ നമ്പർ
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനും ആധാറുമായി ലിങ്ക് ചെയ്‌ത മൊബൈൽ നമ്പർ നിർബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കമ്മിഷനെതിരെ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് തീരുമാനം. ക്രമക്കേട് തടയാനും, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാനുമാണ് പുതിയ ഇ-ഫീച്ചർ കൊണ്ടുവന്നതെന്ന് കമ്മിഷൻ വൃത്തങ്ങൾ പറയുന്നു.
കമ്മിഷന്റെ ഇ.സി.ഐ നേറ്റ് പോർട്ടലിലും ആപ്പിലും ഇനി വോട്ടർ പട്ടികയിലെ പേരു ചേർക്കൽ, നീക്കൽ, വിവരങ്ങൾ പുതുക്കൽ എന്നിവയ്‌ക്ക് ആധാറുമായി ലിങ്ക് ചെയ്‌ത മൊബൈൽ നമ്പർ നൽകി വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കണം. കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ നിരവധി വോട്ടർമാരുടെ പേരുകൾ ദുരൂഹ മാർഗങ്ങളിലൂടെ നീക്കിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇപ്പോൾ വോട്ടു കൊള്ളയ്‌ക്ക് പൂട്ടിടാൻ കമ്മിഷൻ തയ്യാറായെന്ന് രാഹുൽ പ്രതികരിച്ചു. വോട്ടു കൊള്ളക്കാരെ തങ്ങൾ പിടി കൂടും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അലന്ദിലെ ക്രമക്കേടുമായി ബന്ധപ്പെട്ട തെളിവുകൾ എപ്പോൾ കർണാടക സി.ഐ.ഡിക്ക് കൈമാറുമെന്ന് രാഹുൽ ചോദിച്ചു.