സർക്കാർ ഓഫീസിലെ സേവനം വൈകിയാൽ ഉദ്യോഗസ്ഥന് പിഴ
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ നിന്ന് പൊതുജനത്തിന് സേവനം ലഭിക്കാൻ കാലതാമസമുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പിഴ ശിക്ഷ നൽകുന്ന പുതിയ സേവനാവകാശ നിയമം നടപ്പാക്കാനുള്ള ബില്ലിന് മന്ത്രിസഭ അനുമതി നൽകി.
സംസ്ഥാനത്ത് 2012ൽ സേവനാവകാശ നിയമം കൊണ്ടുവന്നെങ്കിലും സേവനത്തിൽ വീഴ്ച വരുത്തുന്നത് തടയാനുള്ള വ്യവസ്ഥകൾ ദുർബലമായിരുന്നു.അതോടെ നിയമം പാഴായ അവസ്ഥയായിരുന്നു.
പുതിയ നിയമത്തിൽ സേവനം നൽകുന്നതിന് സമയ പരിധി നിർണ്ണയിക്കും. നടപടികളിലെ പുരോഗതി അപേക്ഷകനെ അറിയിക്കേണ്ടത് ഓഫീസുകളുടെ ബാദ്ധ്യതയാണ്. വീഴ്ച വരുത്തിയാൽ 2000രൂപ മുതൽ 15000രൂപവരെ പിഴ വിധിക്കാം. ലക്ഷക്കണക്കിന് അപേക്ഷകൾ കെട്ടികിടക്കുന്നത് തടയുകയാണ് ലക്ഷ്യം. ജൂലായിൽ 13 ലക്ഷത്തോളം ഫയലുകളാണ് കെട്ടികിടക്കുന്നത്. ഫയൽ അദാലത്ത് നടത്തിയിട്ടും പകുതിയോളം ഫയലുകൾ മാത്രമാണ് തീർപ്പാക്കാനായത്.ഈ സാഹചര്യത്തിലാണ് കർശന വ്യവസ്ഥകളോടെ സേവനാവകാശ നിയമം കൊണ്ടുവരുന്നത് . സർവീസ് സംഘടനകളിൽ നിന്നുള്ള കടുത്ത എതിർപ്പിനെ മറികടന്നാണ് സർക്കാർ സേവനാവകാശ നിയമവുമായി മുന്നോട്ട് പോകുന്നത്.