സംസ്ഥാന പദവി ആവശ്യം, ലഡാക്കിൽ ആളിക്കത്തി പ്രതിഷേധം; 4 പേർ കൊല്ലപ്പെട്ടു

Thursday 25 September 2025 2:41 AM IST

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായി. ലേയിൽ പ്രതിഷേധിച്ച ജനങ്ങൾ പൊലീസുമായി ഏറ്റുമുട്ടി. നാലുപേർ കൊല്ലപ്പെട്ടു. 70ലേറെ പേർക്ക് പരിക്കേറ്റു. പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർ പൊലീസ് വാൻ കത്തിച്ചു. ലേ നഗരത്തിലെ ബി.ജെ.പി ഓഫീസിന് തീയിട്ടു. ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാര സമരം സംഘർഷത്തെ തുടർന്ന് നിറുത്തിവച്ചു. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി തദ്ദേശീയരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ദീർഘനാളായി ലഡാക്കിൽ പ്രതിഷേധം തുടരുകയാണ്. സെപ്തംബർ 10 മുതൽ നിരാഹാര സമരം നടത്തിയിരുന്ന 15 പേരിൽ രണ്ട് മുതിർന്ന പൗരൻമാർ തിങ്കളഴാഴ്ച തളർന്നുവീണിരുന്നു. ഇതോടെ സമരത്തിന് പിന്തുണ നൽകാൻ വിദ്യാർത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങുകയായിരുന്നു. തിങ്കളാഴ്ച ലേ നഗരം പൂർണ്ണമായി അടച്ചിടാൻ ലേ അപെക്‌സ് ബോർഡിയുടെ (എൽ.എ.ബി) യുവജന വിഭാഗം ആഹ്വാനം ചെയ്തിരുന്നു.

ഒക്ടോബർ ആറിന് പ്രതിഷേധക്കാരുമായി കേന്ദ്ര സർക്കാർ അടുത്ത റൗണ്ട് ചർച്ച നിശ്ചയിച്ചിരിക്കെയാണ് പ്രതിഷേധം ആളിക്കത്തിയത്. ലേ അപെക്‌സ് ബോഡി (എൽ.എ.ബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) എന്നിവയിലെ അംഗങ്ങളാണ് ലഡാക്കിനായി ചർച്ചയിൽ പങ്കെടുക്കുന്നത്. 2023 ജനുവരി 2ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതിയാണ് ചർച്ച നടത്തുന്നത്. ചർച്ചകൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാക്കിയത്. 2019 ഒക്ടോബർ 31ന് ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കാശ്മീർ പുനഃസംഘടനാ നിയമം നടപ്പാക്കിയതിനെ തുടർന്നാണ് ലഡാക്കും ജമ്മു കാശ്മീരും കേന്ദ്ര ഭരണ പ്രദേശങ്ങളായത്.

ദൗർഭാഗ്യകരം:

സോനം വാങ്‌ചുക്

അക്രമം ദൗർഭാഗ്യകരമെന്ന് ലഡാക്കിന്റെ സംസ്ഥാന പദവിക്കായി സമരം നയിക്കുന്ന സോനം വാങ്‌ചുക് പറഞ്ഞു. ഇത്തരം അസംബന്ധങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും ഇത് നമ്മുടെ ആവശ്യം നടക്കുന്നതിന് തടസമാകുമെന്നും വ്യക്തമാക്കി.

വഞ്ചിക്കപ്പെട്ടു:

ഒമർ അബ്ദുള്ള

വാഗ്ദാനം ചെയ്യപ്പെട്ട സംസ്ഥാന പദവി ലഭിക്കാതെ ജമ്മു കാശ്മീരിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടതായി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ലഡാക്കിന് സംസ്ഥാന പദവി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുപോലുമില്ല. 2019ൽ അവർ കേന്ദ്രഭരണ പ്രദേശമായത് ആഘോഷിക്കുകയാണ് ചെയ്തത്. ജമ്മു കാശ്മീരിലെ ജനങ്ങൾ എത്രമാത്രം നിരാശരായിരിക്കുമെന്ന് ആലോചിക്കണം. എങ്കിലും ഞങ്ങൾ ജനാധിപത്യപരമായും സമാധാനപരമായും മാത്രമേ ആവശ്യം ഉന്നയിക്കുകയുള്ളൂ- അദ്ദേഹം പറഞ്ഞു.