എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്; കെപിസിസി നേതൃത്വം ചർച്ച നടത്തും
തിരുവനന്തപുരം: എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കോൺഗ്രസ്. കെപിസിസി നേതൃത്വം എൻഎസ്എസുമായി ചർച്ച നടത്തും. വിശ്വാസ പ്രശ്നത്തിൽ ഉറച്ച നിലപാടാണ് എടുത്തതെന്ന് എൻഎസ്എസിനെ ഓർമ്മിപ്പിക്കാനാണ് ശ്രമം. എൻഎസ്എസ് നേതൃത്വത്തെ വിമർശിക്കില്ലെന്നും വിശ്വാസ പ്രശ്നത്തിൽ സിപിഎമ്മിന്റേത് ഒളിച്ചു കളിയാണെന്ന പ്രചാരണം തുടരുമെന്നുമാണ് കോൺഗ്രസ് വൃത്തം വ്യക്തമാക്കുന്നത്. സർക്കാരിന്റെ വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്ന് ഇന്നലെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. പിന്നാലെയാണ് കോൺഗ്രസിന്റെ നീക്കം.
ഈ സർക്കാരിൽ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ് ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി. യുഡിഎഫിനെയും ബിജെപിയെയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. സർക്കാർ പക്ഷത്തേക്ക് എൻ.എസ്.എസ് ചാഞ്ഞത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി ഡി സതീശനും എൻഎസ്എസ് നേതൃത്വവുമായുള്ള അകൽച്ചയും കോൺഗ്രസിനെ തള്ളിപ്പറയുന്നതിന് ഹേതുവാണെന്ന് കരുതുന്നവരുണ്ട്.
പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമാണ് എൻഎസ്എസിനെ അനുനയിപ്പിക്കാൻ സർക്കാർ മുൻകൈയെടുത്തത്. ചികിത്സയിലായിരുന്ന ജി.സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചത് മഞ്ഞുരുക്കി. മന്ത്രി വാസവനടക്കമുള്ളവർക്ക് കൂടിക്കാഴ്ചകളിലൂടെ സ്ത്രീപ്രവേശന വിഷയത്തിലെ പുതിയ നിലപാട് ബോദ്ധ്യപ്പെടുത്താനുമായി. അയ്യപ്പ സംഗമത്തിന് ക്ഷണിച്ചപ്പോഴും വിശ്വാസ വിഷയത്തിൽ എൻഎസ്എസിനൊപ്പമാണ് സർക്കാരെന്ന് ഉറപ്പ് നൽകി. തുടർന്നാണ് വൈസ് പ്രസിഡന്റ് സംഗീത്കുമാർ പങ്കെടുത്തത്. അയ്യപ്പ സംഗമം സർക്കാരിന്റെ തെറ്റുതിരുത്തലെന്നാണ് എൻഎസ്എസ് കാഴ്ചപ്പാട്. കോൺഗ്രസിന്റേത് കള്ളക്കളിയാണെന്ന് സുകുമാരൻ നായർ കുറ്റപ്പെടുത്തിയിരുന്നു.