വൈഭവ് 'സിക്‌സ്‌വംശി'

Thursday 25 September 2025 7:59 AM IST

ബ്രിസ്ബേൺ: ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ മുന്നിൽ ഒരു റെക്കാഡ് കൂടി വഴിമാറി.യൂത്ത് ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ താരമെന്ന റെക്കാഡാണ് സൂര്യവംശി ഇന്നലെ തന്റെ പേരിലെഴുതിച്ചേർത്തത്.

ഇന്നലെ ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ അർദ്ധ സെഞ്ച്വറി ഇന്നിംഗ്‌സിലൂടെയാണ് വൈഭവ് യൂത്ത് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരങ്ങളിൽ ഒന്നാമനായത്. ഉൻമുക്‌ത് ചന്ദിന്റെ (38 സിക്സുക പേരിലുണ്ടായിരുന്ന റെക്കാഡാണ് വൈഭവ് തിരുത്തിയത്. ഇന്നലെ ആറ് സിക്സുകൾ അടിച്ചതോടെ യൂത്ത് ഏകദിനത്തിൽ സൂര്യവംശിയുടെ ആകെ സിക്‌സുകളുടെ എണ്ണം 41 ആയി.

മത്സരത്തിൽ 51 റൺസിന്റെ ജയം നേടിയ ഇന്ത്യ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര ഒരു കളികൂടി ശേഷിക്കെ 2-0ത്തിന് സ്വന്തമാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.4 ഓവറിൽ ഓൾഔട്ടായെങ്കിലും ടീം സ്കോർ 300ൽ എത്തിയിരുന്നു. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ 47.2 ഓവറിൽ 249 റൺസിന് ഓൾഔട്ടായി. സെഞ്ച്വറി നേടിയ ജെയ്‌ഡൻ ഡ്രാപ്പെർക്ക് (72 പന്തിൽ 107) മാത്രമാണ് ഓസീസ് നിരയിൽ പിടിച്ചു നിൽക്കാനായത്. ഇന്ത്യയ്‌ക്കായി ക്യാപ്ടൻ ആയുമാത്രെ 3 വിക്കറ്റ് വീഴ്ത്തി.

നേരത്തേ ആറ് സിക്‌സ് കൂടാതെ 4 ഫോറുകൾ കൂടി ഉൾപ്പെടെ സൂര്യവംശി 68 പന്തിൽ 70 റൺസ് നേടി. അബിഗ്യാൻ കുണ്ടു (64 പന്തിൽ 71), വിഹാൻ മൽഹോത്ര (70) എന്നിവരും അർദ്ധ സെഞ്ച്വറി നേടി.

യൂത്ത് ഏകദിനങ്ങളിൽ (അണ്ടർ 19) ഏറ്റവും കൂടുതൽ സിക്സ് നേടിയവർ

വൈഭവ് സൂര്യവംശി (ഇന്ത്യ) -41

ഉൻമുക്ത് ചന്ദ് (ഇന്ത്യ) -38 സിക്സ്

സവാദ് അബ്രാർ (ബംഗ്ലാദേശ്) -35 സിക്സ്

വെറും 10 മത്സരങ്ങളിൽ നിന്നാണ് വൈഭവ് 41 സിക്‌സ് നേടിയത്.

ഉന്മുക്ത് ചന്ദ്21 മത്സരങ്ങളിൽ നിന്നാണ് 38 സിക്സ് അടിച്ചത്.