ഓപ്പറേഷൻ നുംഖോർ; നടൻ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ നടൻ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ നീക്കം. ഇദ്ദേഹത്തിന്റെ ബെനാമി ഇടപാടും പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ കേരളത്തിൽ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തതിൽ ദുരൂഹതയുണ്ടെന്നാണ് വിവരം. കുണ്ടന്നൂരിലെ വർക്ക്ഷോപ്പിൽ നിന്നാണ് 1992 മോഡൽ ലാൻഡ് ക്രൂയിസർ പിടിച്ചെടുത്തത്. ഇതിന്റെ ആർസി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തൽ.
അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി. വണ്ടിയുടെ യഥാർത്ഥ ഉടമയെ കണ്ടത്താനുള്ള ശ്രമം നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു. ഓപ്പറേഷൻ നുംഖോർ റെയ്ഡ് കസ്റ്റംസ് ഇന്നും തുടരും.
ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചതടക്കം ആയിരത്തിലേറെ വാഹനങ്ങൾ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ട്. ഇതിൽ 150-200 വാഹനങ്ങൾ കേരളത്തിൽ ഉപയോഗിക്കുന്നുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി. കടത്തിന്റെ സൂത്രധാരന്മാരും ഡൽഹി, ഹിമാചൽപ്രദേശ് സ്വദേശികളുമായ സന്തോഷ് കുമാർ, ഹരികുമാർ, മനോജ് കുമാർ എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി.
അതേസമയം, പിടിച്ചെടുത്ത 36 വാഹനങ്ങളുടെ ഉടമകൾക്ക് രേഖകൾ ഹാജരാക്കാൻ കസ്റ്റംസ് നോട്ടീസ് നൽകി. നടന്മാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരെയും നോട്ടീസ് നൽകി വിളിപ്പിക്കും. ദുൽഖറിനോട് രണ്ട് വാഹനങ്ങൾ കൂടി ഹാജരാക്കാനും നിർദ്ദേശിക്കും. ദുൽഖറിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത തൃശൂർ രജിസ്‌ട്രേഷനിലുള്ള ലാൻഡ് ക്രൂസർ മറ്റൊരാളുടെ പേരിലാണ്.