പാക്‌ താരങ്ങൾക്കെതിരെ ഐസിസിയിൽ പരാതിയുമായി ബിസിസിഐ, മറ്റൊരു പരാതി നൽകി പാക് ക്രിക്കറ്റ് ബോർഡും

Thursday 25 September 2025 10:09 AM IST

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ച പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഹാരിസ് റൗഫ്, സാഹിബ്സാദ ഫർഹാൻ എന്നിവർക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) പരാതി നൽകി ഇന്ത്യ. മറുപടിയായി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെതിരെയും പാക് ക്രിക്കറ്റ് ബോർഡ് പരാതി നൽകിയിട്ടുണ്ട്. ബുധനാഴ്ചയാണ് റൗഫിനും സാഹിബ്സാദ ഫർഹാനും എതിരെ ബിസിസിഐ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ ഇരു താരങ്ങൾക്കും ഐസിസിയുടെ കോഡ് ഓഫ് കണ്ടക്ട് അനുസരിച്ച് വിലക്ക് നേരിടേണ്ടി വരും.

സെപ്തംബർ 21ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ആരാധകർ 'കൊഹ്ലി, കൊഹ്ലി' എന്ന് വിളിച്ചപ്പോൾ റൗഫ് വിമാനം താഴെയിടുന്നതുപോലെ ആംഗ്യം കാണിച്ചത് ഏറെ വിവാദമായിരുന്നു. 2022ലെ ട്വന്റി20 ലോകകപ്പിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് വിരാട് കൊഹ്ലി റൗഫിനെതിരെ നേടിയ തകർപ്പൻ സിക്സറുകളെയാണ് ഇത് ഓർമ്മിപ്പിച്ചത്. അതേസമയം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനെയും അഭിഷേക് ശർമ്മയെയും റൗഫ് അസഭ്യം പറയുകയും ചെയ്തു. ഇതിന് ബാറ്റ് കൊണ്ട് തന്നെ ഇരുവരും മറുപടി നൽകി.

മറ്റൊരു പാക് താരമായ സാഹിബ്സാദ ഫർഹാൻ അർദ്ധ സെഞ്ചുറി നേടിയ ശേഷം തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുന്നതുപോലെ ആംഗ്യം കാണിച്ചതും വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. "പെട്ടെന്ന് മനസിൽ വന്നതാണ് അങ്ങനെയൊരു ആഘോഷം. ഞാൻ സാധാരണ അർദ്ധ സെഞ്ചുറി നേടിയ ശേഷം അത്തരത്തിൽ ആഘോഷിക്കാറില്ല. പക്ഷെ അന്നത് ചെയ്യാൻ തോന്നി. ആളുകൾ അതിനെ എങ്ങനെ എടുത്തുവെന്ന് എനിക്കറിയില്ല. അതിനെപ്പറ്റി കാര്യമാക്കുന്നില്ല." മത്സരശേഷം ഫർഹാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഐസിസി ഹിയറിംഗിൽ ഇരുവർക്കും തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് വിശദീകരിക്കേണ്ടിവരും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കോഡ് ഓഫ് കണ്ടക്ട് അനുസരിച്ച് താരങ്ങൾക്ക് വിലക്ക് നേരിടേണ്ടിവരും. അതേസമയം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെതിരെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പരാതി നൽകിയത്. സെപ്തംബർ 14ന് നടന്ന മത്സരത്തിന് ശേഷം പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും വിജയം ഇന്ത്യൻ സൈനികർക്ക് സമർപ്പിക്കുകയും ചെയ്തതാണ് പരാതിക്ക് കാരണം. സൂര്യയുടെ ഈ പ്രസ്താവന 'രാഷ്ട്രീയപരമാണെന്ന്' പിസിബി ആരോപിച്ചു. എന്നാൽ, പ്രസ്താവനയ്ക്ക് ശേഷം ഏഴ് ദിവസത്തിനകമാണ് പരാതി നൽകേണ്ടത് എന്നതിനാൽ പിസിബിയുടെ പരാതി നിലനിൽക്കുമോ എന്ന് കണ്ടറിയേണ്ടി വരും.

എരി തീയിൽ എണ്ണയൊഴിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു വീഡിയോ എക്സിൽ പങ്കുവച്ചതും വിവാദത്തിന് തിരികൊളുത്തി. റൊണാൾഡോ വിമാനം തകർന്നതുപോലെ ആംഗ്യം കാണിക്കുന്നതാണ് വീഡിയോയിലുള്ളത്. റൗഫ് കാണിച്ച ആംഗ്യത്തെ പിന്തുണച്ചുകൊണ്ടാണ് നഖ്‌വിയുടെ ഈ പോസ്റ്റ്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ എന്നതിനു പുറമേ, നഖ്‌വി പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രിയാണ്.

രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നതിൽ കുപ്രസിദ്ധനാണ് നഖ്‌വി. ഈ സാഹചര്യത്തിൽ ഏഷ്യാ കപ്പ് ഫൈനലിലെത്തിയ ഇന്ത്യൻ ടീം എസിസി ചെയർമാനുമായി വേദി പങ്കിടുന്ന കാര്യവും സംശയത്തിലായിരിക്കുകയാണ്. നഖ്‌വിക്കെതിരെ നടപടിയുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.