"മുഖ്യമന്ത്രി കപട ഭക്തൻ; എൻഎസ്‌‌എസ് ഉൾപ്പടെയുള്ള സമുദായ സംഘടനകൾക്ക് അവരുടേതായ തീരുമാനമെടുക്കാം, വിരോധമില്ല"

Thursday 25 September 2025 10:54 AM IST

തിരുവനന്തപുരം: കോൺഗ്രസിന്‌ എല്ലാ സമുദായങ്ങളോടും ഒരേ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസിന് എല്ലാവരോടും മതേതര നിലപാടാണുള്ളതെന്നും നിലപാടിൽ കോൺഗ്രസ് വെള്ളം ചേർക്കാറില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

"അയ്യപ്പ സംഗമത്തിൽ ഞങ്ങൾ പങ്കെടുത്തിരുന്നെങ്കിൽ പിണറായി വിജയനേക്കാൾ വലിയ പരിഹാസ്യരാകുമായിരുന്നു. അത് മുൻകൂട്ടിക്കണ്ടുകൊണ്ടുള്ള രാഷ്ട്രീയ തീരുമാനമാണ് യു ഡി എഫ് എടുത്തത്. അതിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ഞങ്ങളുടെ തീരുമാനം ശരിയാണെന്ന് വിശ്വസിക്കുന്നു. എൻ എസ് എസ് ഉൾപ്പടെയുള്ള സമുദായ സംഘടനകൾക്ക് അവരുടേതായ തീരുമാനമെടുക്കാം. അത് അവരുടെ സ്വാതന്ത്ര്യമാണ്. അതിൽ ഞങ്ങൾക്ക് ഒരു വിരോധവുമില്ല. തിരഞ്ഞെടുപ്പും ഇതുമായിട്ട് എന്താണ് ബന്ധം. ഇതൊക്കെ ഒരു വിഷയം വരുമ്പോഴുള്ള നിലപാടാണ്.

അവിടെ നടന്ന സംഗമം ഏഴ് നിലയിൽ പൊട്ടിയപ്പോൾ ഞങ്ങളെടുത്ത തീരുമാനം ശരിയായെന്ന് എല്ലാവർക്കും മനസിലായി. ഓരോ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് ജയിക്കുന്നതിന് പല കാര്യങ്ങളും ചെയ്യും. അതൊക്കെ അവരവരുടെ ഇഷ്ടം. അവർക്ക് ആരെ വേണമെങ്കിലും സ്വാധീനിക്കാം. അതിനൊക്കെ സ്വാതന്ത്ര്യമുള്ള സംസ്ഥാനമാണ് കേരളം.

ആ പരിപാടി കഴിഞ്ഞതോടെ യു ഡി എഫിന്റെ തീരുമാനം ശരിയാണെന്ന് അടിവരയിട്ടു. അവിടെ എന്ത് കാപഠ്യമാണ് നടന്നതെന്ന് എല്ലാവർക്കും ബോദ്ധ്യമായി. മുഖ്യമന്ത്രി പിണറായി വിജയൻ കപട ഭക്തനായി അഭിനയിക്കുകയായിരുന്നു. ജനങ്ങളെ പറ്റിക്കുകയായിരുന്നു. വിശ്വാസികളെ വഞ്ചിച്ചു. എൻ എസ് എസോ എസ് എൻ ഡി പിയോ മറ്റ് ഏതെങ്കിലും സമുദായ സംഘടനകളോ ആയിട്ട് കേരളത്തിലെ യു ഡി എഫിന് ഒരു തർക്കവുമില്ല. അവർ അവരുടെ നിലപാടെടുക്കുന്നതിൽ ഞങ്ങൾക്ക് പരാതിയില്ല. ഞങ്ങൾക്കൊരു നിലപാടുണ്ട്. ശബരിമലയിൽ ആചാരലംഘനം നടത്തുന്ന സമയത്ത് ആചാരങ്ങളെ സംരക്ഷിക്കാനായി ഞങ്ങളല്ലേ ഉണ്ടായിട്ടുള്ളൂ.

സർക്കാർ എന്ത് വൃത്തികേടാണ് ചെയ്തത്. ആചാരലംഘനം നടത്തുന്നതിനായി പൊലീസിന്റെ പിൻബലത്തോടെ രണ്ട് സ്ത്രീകളെ കൊണ്ടുവന്ന് ഇരുട്ടിന്റെ മറവിൽ ശബരിമലയിൽ ദർശനം നടത്തി. ഇതെല്ലാം കേരളം കണ്ടതാണ്. അന്നത്തെ ആ നിലപാടിൽ നിന്ന് എന്ത് മാറ്റം പിണറായി സർക്കാരിനുണ്ടായെന്നാണ് ഞങ്ങളുടെ ചോദ്യം. മാറ്റമുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് സുപ്രീം കോടതിയിലെ സത്യവാങ്മൂലം പിൻവലിക്കുകയാണ്. വിശ്വാസികൾക്കെതിരായ കേസ് പിൻവലിക്കലാണ് രണ്ടാമത് ചെയ്യേണ്ടത്.'- അദ്ദേഹം പറഞ്ഞു.