'സഞ്ജു മോഹൻലാൽ സാംസൺ, ലാലേട്ടനെപ്പോലെ വില്ലനും ജോക്കറുമൊക്കെയായി മാറേണ്ടി വരും'

Thursday 25 September 2025 11:49 AM IST

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ 41 റൺസിന് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ഫൈനലിൽ കടന്നിരിക്കുകയാണ്. ബാറ്റിംഗ് ഓർഡറിൽ ഇന്ത്യനടത്തിയ പരീക്ഷണത്തെ തുടർന്ന് സഞ്ജു സാംസണ് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിനെ എട്ടാം നമ്പറിലേയ്ക്ക് മാറ്റിയതിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ ബാറ്റിംഗ് നിരയിലെ മാറ്റം സംബന്ധിച്ച ചോദ്യത്തിന് സഞ്ജു നൽകിയ മറുപടി ശ്രദ്ധനേടുകയാണ്.

'മൂന്ന് ട്വന്റി 20 അന്താരാഷ്ട്ര മത്സരങ്ങളിൽ സെഞ്ച്വറി നേടിയിട്ടുണ്ട്. മൂന്നും ഓപ്പണിംഗ് പൊസിഷനിൽ നിന്ന് നേടിയതാണ്. ഏത് പൊസിഷനിൽ കളിക്കുന്നതാണ് താങ്കൾക്ക് ഏറ്റവും എളുപ്പമുള്ളതായി തോന്നിയിട്ടുള്ളത്'- എന്ന ചോദ്യത്തിന് സഞ്ജു നൽകിയ വ്യത്യസ്ത മറുപടിയാണ് വൈറലാവുന്നത്.

'കഴിഞ്ഞ ദിവസം നമ്മുടെ ലാലേട്ടന് വലിയൊരു പുരസ്‌കാരം രാജ്യം നൽകിയിരുന്നു. കഴിഞ്ഞ 40 വർഷത്തോളമായി അദ്ദേഹം അഭിനയജീവിതം നയിക്കുകയാണ്. അതുപോലെ ഞാനും കഴിഞ്ഞ പത്ത് വർഷമായി രാജ്യത്തിനുവേണ്ടി കളിക്കുകയാണ്. ഹീറോ വേഷം മാത്രമേ ചെയ്യൂ എന്ന് എനിക്ക് പറയാൻ കഴിയില്ല. വില്ലനും ജോക്കറുമൊക്കെയായി മാറേണ്ടതുണ്ട്. അതിനാൽതന്നെ ഓപ്പണിംഗിൽ സ്‌കോർ നേടിയെന്നും അതിലാണ് മികച്ചതെന്നും പറയാൻ സാധിക്കില്ല. ഇതും ഞാൻ ശ്രമിക്കേണ്ടതുണ്ട്. എനിക്ക് മികച്ചൊരു വില്ലനാകാനും സാധിക്കും. സഞ്ജു മോഹൻലാൽ സാംസൺ'- എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.