പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി; നടപടി ജില്ലാ കളക്‌ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

Thursday 25 September 2025 12:09 PM IST

കൊച്ചി: അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെ പാലിയേക്കരയിൽ ടോൾ പിരിക്കരുതെന്ന് ഹൈക്കോടതി. ടോൾ പിരിവ് പുനഃരാരംഭിക്കണമെന്ന ഹർജി പരിശോധിച്ച ശേഷം വിലക്ക് തുടരാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ജില്ലാ കളക്‌ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

സെപ്‌തംബർ 22 മുതൽ ടോൾ പിരിവിന് വ്യവസ്ഥകളോടെ അനുമതി നൽകുമെന്നായിരുന്നു ഹൈക്കോടതി നേരത്തേ അറിയിച്ചത്. അതിനിടയിൽ മുരിങ്ങൂരിൽ സർവീസ് റോഡിൽ മണ്ണിടിഞ്ഞ സംഭവം ജില്ലാ കളക്‌ടർ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിശോധിച്ച ഹൈക്കോടതി ടോൾ പിരിവിനുള്ള അനുമതി നിഷേധിച്ചു. തുടർന്ന് വിഷയത്തിൽ ആഴത്തിലുള്ള പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി കളക്‌ടർക്ക് നിർദേശം നൽകി.

മുരിങ്ങൂരിലെ പ്രശ്‌നം പൂർണമായി പരിഗണിച്ചിട്ടില്ല. മുരിങ്ങൂരിലെ സർവീസ് റോഡ് ഇടിഞ്ഞതുപോലെ ഏത് ഭാഗത്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അടിപ്പാത നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ യാത്രക്കാർക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്നും കളക്‌ടറുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഹർജി ചൊവ്വാഴ്‌ച വീണ്ടും പരിഹണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നേരത്തേ ഇടക്കാല മാനേജ്‌മെന്റ് നിർദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും നിലവിൽ പാലിക്കുന്നുണ്ടെന്നും ഇനിയും പാലിക്കുമെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജിയിൽ വാദം പൂർത്തിയാക്കിയ കോടതി കളക്‌ടറുടെ റിപ്പോർട്ടിന് ദേശീയപാത അതോറിറ്റി മറുപടി നൽകണമെന്നും ഉത്തരവിട്ടു.