'അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പ, സമുദായത്തിന് നാണക്കേട്'; പരിഹാസം

Thursday 25 September 2025 12:27 PM IST

പത്തനംതിട്ട: വിശ്വാസ പ്രശ്നത്തിൽ സർക്കാരിനെ പിന്തുണച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ബാനർ. പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണ് ബാനർ ഉയർന്നത്. 'കട്ടപ്പയായി മാറി സുകുമാരൻ നായർ' എന്നാണ് ബാനറിലെ പരിഹാസ വാചകം. സർക്കാരിന്റെ വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്നാണ് സുകുമാരൻ നായർ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് സമുദായത്തിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നത്.

'കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്ന് കുത്തി, പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട്'- എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. എന്നാൽ ഈ ബാനർ സ്ഥാപിച്ചത് ആരാണെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ മുതലാണ് കരയോഗ കെട്ടിടത്തിന് മുന്നിൽ ബാനർ പ്രത്യക്ഷപ്പെട്ടത്.

ഈ സർക്കാരിൽ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ ജി സുകുമാരൻ നായർ ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കോൺഗ്രസിനെയും ബിജെപിയെയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. സർക്കാർ പക്ഷത്തേക്ക് എൻഎസ്എസ് ചാഞ്ഞത് തദ്ദേശ,​ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി ഡി സതീശനും എൻഎസ്എസ് നേതൃത്വവുമായുള്ള അകൽച്ചയും കോൺഗ്രസിനെ തള്ളിപ്പറയുന്നതിന് ഹേതുവാണെന്ന് കരുതുന്നവരുണ്ട്.

അതേസമയം, എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസും ആരംഭിച്ചിട്ടുണ്ട്. കെപിസിസി നേതൃത്വം എൻഎസ്എസുമായി ചർച്ച നടത്തും. വിശ്വാസ പ്രശ്നത്തിൽ ഉറച്ച നിലപാടാണ് എടുത്തതെന്ന് എൻഎസ്എസിനെ ഓർമ്മിപ്പിക്കാനാണ് ശ്രമം. എൻഎസ്എസ് നേതൃത്വത്തെ വിമർശിക്കില്ലെന്നും വിശ്വാസ പ്രശ്നത്തിൽ സിപിഎമ്മിന്റേത് ഒളിച്ചു കളിയാണെന്ന പ്രചാരണം തുടരുമെന്നുമാണ് കോൺഗ്രസ് വൃത്തം വ്യക്തമാക്കുന്നത്.