ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയോട് ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞു; വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
Thursday 25 September 2025 12:50 PM IST
തിരുവനന്തപുരം: ആഹാരം കഴിക്കുന്നതിനിടെ നഴ്‌സിംഗ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ പുല്ലാനി മുക്കിൽ റിട്ടയേർഡ് കെഎസ്‌ആർടിസി ഉദ്യോഗസ്ഥനായ സതീശന്റെ മകൾ എസ് എൽ വൃന്ദ ആണ് മരിച്ചത്. വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ വൃന്ദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ്.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് അമ്മയോട് പറഞ്ഞു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. മുറിയിൽ നിന്ന് ഒരു മരുന്നുകുപ്പി കണ്ടെടുത്തു. ഇതിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് നിഗമനം. സംഭവത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.