മാലയും കമ്മലും മാത്രമല്ല വസ്‌ത്രവും സ്വർണത്തിൽ! ഇതാണ് കോടികൾ വിലവരുന്ന 'ദുബായ് ഡ്രസ്'

Thursday 25 September 2025 12:53 PM IST

ഷാർജ: ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്വർണവസ്‌ത്രമെന്ന ഗിന്നസ് റെക്കോർഡ് നേടി 'ദുബായ് ഡ്രസ്'. 21 കാരറ്റ് ശുദ്ധമായ സ്വർണത്തിൽ നിർമിച്ച ഈ വസ്‌ത്രത്തിന് 11 കോടി രൂപയോളം വിലവരും. 10.0812 കിലോ ഭാരമാണ് ഈ വസ്‌ത്രത്തിനുള്ളത്. അടുത്തിടെയാണ് ഈ വസ്‌ത്രം ലോക റെക്കോർഡ് സ്വന്തമാക്കിയത്.

ഷാർജ എക്‌സ്‌പോ സെന്ററിൽ മിഡിൽ ഈസ്റ്റ് വാച്ച് ആൻഡ് ജുവലറി ഷോയിൽ ഈ വസ്‌ത്രം പ്രദർശനത്തിന് വച്ചിട്ടുണ്ട്. അൽ റൊമൈസാൻ ഗോൾഡ് ആന്റ് ജുവലറിയാണ് ഈ വസ്‌ത്രം നിർമിച്ചത്. ഇതിന് നാല് പ്രധാന ഭാഗങ്ങളുണ്ട്. 398 ഗ്രാം ഭാരമുള്ള കിരീടം, 8,810.60 ഗ്രാം ഭാരമുള്ള മാല, 134.1 ഗ്രാം ഭാരമുള്ള കമ്മലുകൾ, പരമ്പരാഗത അറബ്/പേർഷ്യൻ ആഭരണമായ ഹിയാർ. ഹിയാറിന്റെ ഭാരം 738.5 ഗ്രാം ആണ്.

മിഡിൽ ഈസ്റ്റ് വാച്ച് ആന്റ് ജുവലറി ഷോയിൽ ഇതിന് മുമ്പും സ്വർണം കൊണ്ടുള്ള നിർമിതികൾ അൽ റുമൈസാൻ ജുവലറി ഒരുക്കിയിട്ടുണ്ട്. ഷോയുടെ കഴിഞ്ഞ രണ്ട് എഡിഷനിൽ 1.5 മില്യൻ ദിർഹം വിലവരുന്ന സ്വർണ സൈക്കിളായിരുന്നു ഇവർ അവതരിപ്പിച്ചത്. പരമ്പരാഗതമായി സ്വർണ വ്യാപാരം നടത്തുന്ന കുടുംബമാണ് അൽ റുമൈസാൻ. 1950കളിലാണ് ഇവർ സ്വർണവ്യാപാര രംഗത്തേക്ക് എത്തുന്നത്. 1999ലാണ് അൽ റുമൈസാൻ ഗോൾഡ് ആന്റ് ജുവലറി എന്ന പേരിൽ കമ്പനി തുടങ്ങിയത്. അറബ്, പേർഷ്യൻ ഡിസൈനിലുള്ള സ്വർണാഭരണങ്ങളാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത.