വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ രാജിവച്ചു; തീരുമാനം ജില്ലയിലെ കടുത്ത വിഭാഗിയതയ്‌ക്കിടെ
കൽപ്പറ്റ: വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ രാജിവച്ചു. ജില്ലയിലെ കടുത്ത വിഭാഗിയതയ്ക്കിടെയാണ് രാജിയെന്ന് സൂചന. താൻ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നത് ശരിയാണെന്നും ബാക്കിയുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കട്ടെയെന്നും എൻ ഡി അപ്പച്ചൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിഷയത്തെക്കുറിച്ച് അദ്ദേഹം കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല.
കഴിഞ്ഞ കുറേ നാളുകളായി വയനാട് ഡിസിസിയിൽ ഗ്രൂപ്പ് പോര് അതിരൂക്ഷമായിരുന്നു. മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണവും അതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളുമെല്ലാം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി. ഇത്തരം കോളിളക്കങ്ങളുടെ പശ്ചാത്തലത്തിലും പ്രായാധിക്യം പരിഗണിച്ചും പുനഃസംഘടനയിൽ എൻ ഡി അപ്പച്ചനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുമെന്ന രീതിയിലുള്ള കിവംദന്തികളുണ്ടായിരുന്നു.
അടുത്തിടെ എൻ ഡി അപ്പച്ചൻ ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് അഭിമുഖം നൽകിയിരുന്നു. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നും എംപിയുടെ ഓഫീസാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് ഹൈക്കമാൻഡിൽ അതൃപ്തിയുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
മുമ്പ് നടന്ന കോൺഗ്രസ് യോഗത്തിനിടെ അപ്പച്ചന് മർദ്ദനമേറ്റിരുന്നു. മുള്ളൻകൊല്ലി കോൺഗ്രസ് വികസന കമ്മിറ്റി യോഗത്തിൽ വച്ചാണ് അദ്ദേഹത്തിന് നേരെ കൈയേറ്റമുണ്ടായത്. പാടിച്ചിറ സർവീസ് സഹകരണ ബാങ്കിന് മുകളിൽ നടന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഉണ്ടായ ഗ്രൂപ്പ് തർക്കമാണ് അടിയിൽ കലാശിച്ചത്.