"കെഎസ്‌ആർടിസി പച്ച പിടിക്കാൻ തുടങ്ങിയാൽ അപ്പോൾത്തന്നെ ഊതിക്കെടുത്താൻ ചില ആശാന്മാർ നടപ്പുണ്ട്, അത് ഇവിടെ വിലപോവില്ല"

Thursday 25 September 2025 2:12 PM IST

തിരുവനന്തപുരം: കെഎസ്‌ആർടിസി പച്ച പിടിക്കാൻ തുടങ്ങിയാൽ അപ്പോൾത്തന്നെ അതിനെ ഊതിക്കെടുത്താൻ ചില ആശാന്മാർ നടപ്പുണ്ടെന്ന് മന്ത്രി ഗണേശ് കുമാർ. കെഎസ്ആർടിസിയെ പിറകോട്ട് കൊണ്ടുപോകാൻ ചില ആളുകൾ പൊളിറ്റിക്കലി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു.

'കെ എസ് ആർ ടി സിയിൽ ഉണ്ടായിരുന്ന മിസ്റ്റേക്കുകൾ കണ്ടെത്തി, സമയബന്ധിതമായി തിരുത്തുക മാത്രമാണ് ഞാൻ ചെയ്തത്. കെ എസ് ആർ ടി സിയെ ലാഭത്തിലേക്ക് കൊണ്ടുവരണം. ഒരു പൊതുമേഖലാ സ്ഥാപനമാണ്. എന്നും സർക്കാർ പൈസ കൊടുത്ത് കൊണ്ടുപോകാനാകില്ല. നഷ്ടം കുറച്ച്, കുറച്ച് കൊണ്ടുവന്നതാണ്. ഇപ്പോൾ പല ദിവസങ്ങളിലും ചെറിയ തുകയ്ക്ക് ലാഭത്തിൽ വരാറുണ്ട്. നഷ്ടം വലുതായി കുറയ്ക്കാനായി. എല്ലാം മോഡേണായ കാര്യങ്ങളാണ് ചെയ്‌തത്. അതിൽ ചില ജീവനക്കാർ ശല്യമുണ്ടാക്കും.

കാർഡ് വിതരണം ചെയ്യുന്നത് ജനങ്ങൾക്ക് വലിയ ഉപകാരമാണ്. ചില ട്രേഡ് യൂണിയനുകൾ കാർഡ് പറ്റൂല, കാർഡ് കൊടുക്കുന്നതിന് ഞങ്ങൾക്ക് പൈസ തരണമെന്നൊക്കെ പറയുന്നു. അഡ്വാൻസ് ആയി കാശ് കൊടുത്തിട്ടാണ് ആളുകൾ കാർഡ് എടുക്കുന്നത്. അതിന് ഇവർക്കെന്തിനാണ് കാശ് കൊടുക്കുന്നത്. പച്ച പിടിക്കാൻ തുടങ്ങിയാൽ അപ്പോൾത്തന്നെ അതിനെ ഊതിക്കെടുത്താൻ ചില ആശാന്മാർ നടപ്പുണ്ട്. അത് ഇവിടെ വിലപോവില്ല.

കെ എസ് ആർ ടി സിയെ പിറകോട്ട് കൊണ്ടുപോകാൻ ചില ആളുകൾ പൊളിറ്റിക്കലി ശ്രമിക്കും. അത് അവരുടെ രാഷ്ട്രീയ പാപ്പരത്തമായി കണ്ടാൽ മതി. അതൊന്നും ഇവിടെ നടക്കില്ല. ഞാൻ കൊണ്ടുവന്ന ഒരു പരിഷ്‌കാരവും ജനങ്ങൾക്ക് ദോഷമുണ്ടായില്ല. അതാണ് എന്നെ സന്തോഷിപ്പിക്കുന്നത്. ഇതൊക്കെ എന്റെ മാത്രം ബുദ്ധിയല്ല. പലരും ആശയങ്ങൾ പറഞ്ഞുതരാറുണ്ട്.'- ഗണേശ് കുമാർ പറഞ്ഞു.

അടുത്ത മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. 'അങ്ങനെയൊരു ആഗ്രഹമൊന്നും എനിക്കില്ല. അതൊക്കെ വലിയ ഉത്തരവാദിത്തങ്ങളാണ്. അതിനൊക്കെ കഴിവുള്ളവർ വേറെയുണ്ട്. എനിക്ക് ഇങ്ങനെയൊക്കെ പോയാൽ മതി.'- ഗണേശ് കുമാർ വ്യക്തമാക്കി.