90സ് കിഡ്സിനെ പേടിപ്പിച്ചതുപോലെ ഇവിടെ നടക്കില്ല, തേങ്ങ കഴിച്ചാൽ കല്യാണത്തിന് മഴ പെയ്യുമെന്ന് പറഞ്ഞപ്പോൾ കുട്ടിയുടെ മാസ് മറുപടി
തേങ്ങ കഴിച്ചാൽ കല്യാണത്തിന് മഴ പെയ്യുമെന്ന് കേൾക്കാത്ത 90സ് കിഡ്സ് ചുരുക്കമായിരിക്കും. എന്നാൽ ന്യൂജനറേഷൻ പിള്ളേരോട് ഈ ഡയലോഗ് പറഞ്ഞാൽ എന്താകും സ്ഥിതി. ഇത്തരം നമ്പരുകളൊന്നും അവരുടെയടുത്ത് വിലപോകില്ല. ഇതുതെളിയിക്കുന്ന ഒരു കൊച്ചുമിടുക്കിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നാലുവയസുകാരിയായ തക്ഷി അഖിലാണ് വീഡിയോയിലുള്ളത്. ആരും കാണാതെ തേങ്ങ കഴിക്കുകയായിരുന്നു കുട്ടി. ഇതുകണ്ടുവന്ന അമ്മ അത് ചോറല്ല, തേങ്ങയാണെന്നും കഴിക്കാൻ പാടില്ലെന്നും കുട്ടിയോട് പറഞ്ഞു. അതെന്താ എന്നായി കുട്ടി. തേങ്ങ കഴിച്ചാൽ കല്യാണത്തിന് മഴ പെയ്യുമെന്ന് അമ്മ മറുപടി നൽകി.
ഇതിനാകട്ടെ അമ്മ സ്വപ്നത്തിൽപ്പോലും പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു കുട്ടി നൽകിയത്. 'അതിന് ഞാൻ കല്യാണം കഴിക്കുന്നില്ല'- എന്നായിരുന്നു കുട്ടിയുടെ മറുപടി. മാത്രമല്ല തേങ്ങ കഴിക്കുന്നത് നിർത്തിയുമില്ല. കല്യാണം കഴിക്കുന്നില്ലേ എന്നായി അമ്മയുടെ അടുത്ത ചോദ്യം. 'ഞാൻ കല്യാണം കഴിക്കേണ്ടെന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു'- എന്നായിരുന്നു കുട്ടിയുടെ മറുപടി.