കന്നി സർവീസിനുമുമ്പ് കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ടു, മുൻഭാഗവും പിൻഭാഗവും തകർന്നു
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതുപുത്തൻ സീറ്റര്‍ കം സ്ലീപ്പര്‍ ബസ് അപകടത്തിൽപ്പെട്ടു. കന്നി സർവീസിനുമുമ്പുണ്ടായ അപകടത്തിൽ ഹൈബ്രിഡ് ബസിന് സാരമായ കേടുപാടുകളുമുണ്ടായി. ബംഗളൂരുവിലെ ബോഡിനിർമ്മാണഫാക്ടറിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഹുസൂരിലായിരുന്നു അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ട്. മുന്നിൽപ്പോയ ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്ന് ബസ് ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ഇതേസമയം പിന്നിൽ നിന്നുവന്ന ലോറി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല.
ബോഡി നിർമ്മാണ ഫാക്ടറിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നതുവരെ ബോഡി നിർമ്മാണ കമ്പനിക്കാണ് ബസിന്റെ ഉത്തരവാദിത്വം. അതിനാൽ കമ്പനിയുടെ ഡ്രൈവർ തന്നെയാണ് ബസ് ഓടിച്ചിരുന്നതും. നിർമ്മാണ കമ്പനിക്കാരൻ ബസ് ഓടിച്ചിരുന്നപ്പോഴായിരുന്നു അപകടം എന്നതരത്തിലാണ് ഔദ്യോഗിക വിശദീകരണവും. എന്നാൽ അറ്റക്കുറ്റപ്പണി ബോഡി നിർമ്മാണകമ്പനി നടത്തിക്കൊടുക്കുമോ എന്നകാര്യത്തിൽ വ്യക്തയില്ല. അപകടത്തിൽപ്പെട്ട ബസ് നിർമ്മാണ കമ്പനിയിലേക്കുതന്നെ കൊണ്ടുപോയിട്ടുണ്ട്.
അതേസമയം, അപകടചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായതോടെ കെഎസ്ആർടിസിക്കും സർക്കാരിനും എതിരെ കമന്റുകൾ നിറയുകയാണ്. ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം അടിക്കാൻ നിർബന്ധംപിടിച്ച സർക്കാർ കെഎസ്ആർടിസിയുടെ ലക്ഷ്വറി ബസുകൾക്ക് വെള്ളം നിറം അടിക്കാൻ തയ്യാറാവാത്തതിനെതിരെയുള്ള അരിശമാണ് കൂടുതൽ കമന്റുകളിലും. 'വെള്ളനിറമായിരുന്നെങ്കിൽ ...' എന്നാണ് ഇതിൽ ഒരു കമന്റ്. അങ്ങനെ ഓട്ടം തുടങ്ങുന്നതിനു മുമ്പ് ആക്സിഡൻറ് ആയി എന്നുള്ള റെക്കാർഡും ഇനി കെഎസ്ആർടിസി ബസിന് സ്വന്തം എന്നാണ് മറ്റൊരു കമന്റ്.
ആഡംബരത്തിന്റെ അവസാനവാക്കെന്നാണ് സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളുടെ വിളിപ്പേര്. 2+1 ലേഔട്ടിലാണ് സീറ്റുകളും ബെർത്തുകളും. വീതിയുള്ള ലെതർ സീറ്റുകളാണ് ഇതിലും നൽകിയിരിക്കുന്നത്. സീറ്റുകൾക്ക് മുകളിലാണ് ബെർത്തുകളുള്ളത്. ഒരു വശത്ത് സിംഗിൾ ബെർത്തും മറുഭാഗത്ത് ഡബിൾ ബെർത്തുമാണ് . എസി വെന്റുകൾ, മൊബൈൽ ചാർജർ, മൊബൈൽ ഹോൾഡർ, ലഗേജ് റാക്ക് എന്നിവയ്‌ക്കൊപ്പം ആംബിയന്റ് ലൈറ്റുകളും സിസിടിവി ക്യാമറയും ഫയർ അലാറവും ഉൾപ്പെടെയുള്ള സംവിധാനവും ഇതിലുണ്ട്. സർവീസ് തുടങ്ങിയ സീറ്റര്‍ കം സ്ലീപ്പര്‍ ബസുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.