'സുരേഷ് ഗോപിയുടെ അഭിപ്രായം വ്യക്തിപരം, എയിംസ് കേരളത്തിൽ എവിടെ വേണമെന്ന് കേന്ദ്രം തീരുമാനിക്കും'; എംടി രമേശ്

Thursday 25 September 2025 4:45 PM IST

കാസർകോട്: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. കേരളത്തിൽ എയിംസ് വേണമെന്നാണ് ബിജെപിയുടെ നിലപാട്. ഇന്ന ജില്ലയിൽ വേണമെന്ന് ബിജെപി കേരള ഘടകത്തിന് നിർബന്ധമില്ല. ഏത് ജില്ലയിലാണെങ്കിലും സ്വാഗതം ചെയ്യും. എവിടെ സ്ഥാപിക്കുമെന്ന് തീരുമാനിക്കുന്നത് കേന്ദ്രമാണ്. മാനദണ്ഡങ്ങൾക്കനുസരിച്ചാകും കേന്ദ്രം തീരുമാനമെടുക്കുന്നത്.

'തൃശൂരിലോ ആലപ്പുഴയിലോ ഇല്ലെങ്കിൽ തമിഴ്‌നാട്ടിലേക്ക് പോയിക്കോട്ടെ എന്നെല്ലാം സുരേഷ് ഗോപി പറഞ്ഞത് വ്യക്തിപരമാണ്. അതിൽ തെറ്റില്ല. എന്നാൽ, അത്തരം അഭിപ്രായം ബിജെപിക്കില്ല. എയിംസ് കേരളത്തിനാണാവശ്യം. ഒരു ജില്ലയിലെ ആളുകൾക്കല്ല എയിംസ് നൽകുന്നത്. കേരളത്തിനാണ്. കേരളത്തിൽ എവിടെ വേണമെന്ന് തീരുമാനിക്കുന്നത് കേന്ദ്ര സ‌ർക്കാരാണ്. സ്വന്തം ജില്ലയിൽ വേണമെന്ന് ജില്ലാ കമ്മിറ്റികൾ ആവശ്യം ഉന്നയിക്കുന്നതിൽ തെറ്റില്ല. കേരളത്തിന് അവകാശപ്പെട്ട എയിംസ് കേരളത്തിന് തന്നെ കിട്ടും. തമിഴ്‌നാട്ടിലേക്ക് പോകില്ല.

എയിംസ് കേരളത്തിലേക്ക് വരണമെന്ന് സംസ്ഥാന സർക്കാരിന് യാതൊരു താൽപ്പര്യവുമില്ല. ആരോഗ്യമേഖലയിൽ കേന്ദ്രവുമായി സംസ്ഥാന സർക്കാർ യുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്‌തത്. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ വാശിപിടിക്കുകയാണ്' - എംടി രമേശ് പറഞ്ഞു.