മാർത്തോമാ ഭവനം കൈയേറ്റം, ഒറ്റരാത്രി കൊണ്ട് മൂന്ന് വീടുകൾ
• കളമശേരി പൊലീസിന്റെ ഒത്താശ • നഗരസഭയും കാഴ്ചക്കാരായി • 20 ദിവസത്തിന് ശേഷം അറസ്റ്റ്
കളമശേരി: എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കൈപ്പടമുകൾ മാർത്തോമ ഭവനത്തിന്റെ 18 ഏക്കർ വളപ്പിന്റെ ഒരു ഭാഗം കൈയേറി ഒറ്റ രാത്രികൊണ്ട് മൂന്ന് പ്രീഫാബ് വീട് നിർമ്മിച്ച് താമസം തുടങ്ങിയ സംഭവം വിവാദത്തിലേക്ക്. അനിഷ്ട സംഭവങ്ങൾ തടയാൻ രാവും പകലും ശക്തമായ പൊലീസ് കാവലിലാണ് പ്രദേശം.
സ്ഥലം സംബന്ധിച്ച കേസ് 1982 മുതൽ കോടതിയിലുള്ളപ്പോഴാണ് നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചുള്ള ആസൂത്രിതകൈയേറ്റം. എഴുപതോളം പേരാണ് അതിക്രമിച്ചു കയറിയതെന്ന് ഫാ. സെബാസ്റ്റ്യൻ കരിപ്പായി പറഞ്ഞു.
45 വർഷമായി നിത്യാരാധനയുള്ള പള്ളിയും, ആശ്രമവും, കോൺവെന്റും വയോധികരായ പുരോഹിതന്മാരും കന്യാസ്ത്രീകളും താമസിക്കുന്ന ക്വാർട്ടേഴ്സുകളും ഇവിടെയുണ്ട്. സഭയുടെ 50 മീറ്റർ നീളമുള്ള ചുറ്റുമതിൽ പൊളിച്ചു. സി.സി ടി.വി ക്യാമറകൾ നശിപ്പിച്ചു. പള്ളിയുടെയും സഭയുടെയും ബോർഡുകൾ തകർത്തു. കുടിവെള്ള പൈപ്പുകൾ പൊളിച്ചുനീക്കി.
20 ദിവസത്തിന് ശേഷം അറസ്റ്റ്
സെപ്തംബർ നാലിന് അർദ്ധരാത്രി നടന്ന സംഭവത്തിൽ തൃക്കാക്കര മുണ്ടംപാലം പുക്കാട്ട് പനയപ്പിള്ളി അബ്ദുൾ മജീദ് (56), കളമശേരി ശാന്തിനഗറിന് സമീപം നീറുങ്കൽ ഹനീഫ (53), ചാവക്കാട് അകലാട് അട്ടൂരയിൽ ജംഷീർ (22), കാസർകോട് കുമ്പളം കടപ്പുറം ഹൈദർ മൻസിൽ പെരുമാട് ഹൈദർ അലി (29) എന്നിവരെ കളമശേരി പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
സംഭവം ഇങ്ങനെ:
1982 ൽ ആറ് ഏക്കർ ഭൂമി ഹനീഫയിൽ നിന്ന് സഭ വാങ്ങി. കരാർ പ്രകാരം മുഴുവൻ തുകയും കൊടുത്തെങ്കിലും ആധാരം ചെയ്തു നൽകിയില്ല. പിന്നീട് മാർത്തോമ സഭയറിയാതെ ഭൂമി പണയപ്പെടുത്തിയത് ജപ്തിയിലെത്തി. 2007 ൽ സഭയ്ക്ക് അനുകൂല വിധി ലഭിച്ചു. ഹനീഫയുടെ കാലശേഷം മക്കൾ 2010ൽ ജപ്തി ഒഴിവാക്കാൻ പണം അടച്ചശേഷം തൃശൂർ സ്വദേശികളായ പി.ബി. മുഹമ്മദ് മൂസ, എൻ.എം. നസീർ , പി.എം. സയ്ദ് മുഹമ്മദ് എന്നിവർക്ക് 4 ഏക്കർ 89 സെന്റ് ഭൂമി വിറ്റു. ഇവരും സഭയും തമ്മിലാണ് കേസ്. മാർത്തോമാഭവനിലെ ആരും തന്നെ വസ്തുവിൽ പ്രവേശിക്കരുതെന്ന് ഇൻജക്ഷൻ ഓർഡറുണ്ടെന്ന് തർക്കഭൂമി ഡെവലപ് ചെയ്യുന്ന മജീദ് പറഞ്ഞു. എം.എച്ച് ഡെവലപ്പേഴ്സ് എന്ന ബോർഡും ഇവിടെ വച്ചിട്ടുണ്ട്.
അതിക്രമം നടക്കവേ പരാതി കൊടുത്തിട്ടും പൊലീസ് അനങ്ങിയില്ല. പ്രതികളെ പിടികൂടിയില്ല. ഒത്തുകളികൾ വ്യക്തമാണ്.
ഫാ. ജോർജ് പാറക്ക
സുപ്പീരിയർ
മാർത്തോമാ സഭ