മോഹൻലാലിനോട് എന്നും ആരാധന, സർക്കാർ വൻ സ്വീകരണമൊരുക്കുമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിന് കേരളത്തിന്റ അഭിനന്ദനവും ആദരവും നൽകാൻ തലസ്ഥാനത്ത് വൻ സ്വീകരണം ഒരുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മോഹൻലാലിന് ലഭിച്ച പുരസ്കാരം കേരളത്തിനു ലഭിച്ച ബഹുമതിയാണ്. മലയാളത്തിന്റെ അഭിമാനമാണ്. സ്വീകരണ തീയതി മോഹൻലാലിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സൗകര്യം കൂടി നോക്കിയാകും നിശ്ചയിക്കുകയെന്നും സജി ചെറിയാൻ അറിയിച്ചു. കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തരിച്ച വിഖ്യാത ചലച്ചിത്രകാരൻ ഷാജി.എൻ.കരുണിന് തലസ്ഥാനത്ത് ഉചിതമായ സ്മാരകം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ശിൽപ്പി എന്ന നിലയിൽ ഐ.എഫ്.എഫ്.കെയിൽ ഷാജിയുടെ ഓർമ്മ നിലനിർത്തുന്നവിധം അവാർഡ് ഏർപ്പെടുത്താനും സാംസ്ക്കാരിക വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിന്റെ തീരുമാനം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് ഉടൻ പ്രഖ്യാപിക്കും. മലയാള സിനിമയ്ക്കും സിനിമയുടെ വളർച്ചയ്ക്കും ഷാജി നൽകിയ സംഭാവനകൾ ഒരിക്കലും വിസ്മരിക്കാനാകില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.