കേരളം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഏറ്റെടുക്കുന്നതിൽ ദേശീയ ശരാശരിയേക്കാളും മുന്നിൽ - മന്ത്രി കെ. കൃഷ്ണൻകുട്ടി

Thursday 25 September 2025 7:23 PM IST

തിരുവനന്തപുരം : നീതി ആയോഗും, കെ.എസ്.ഇ.ബി.യും, ആർ.എം.ഐ. യും സംയുക്തമായി സംഘടിപ്പിച്ച ‘ദി ശൂന്യ ഇവി കോൺക്ളേവ് 2025 കേരള ചാപ്റ്റർ' മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്‌തു.

രാജ്യത്തിന്റെ കാർബൺ മലിനീകരണമില്ലാത്ത യാത്രയിലേയ്ക്കുള്ള നാഴികക്കല്ലാണിതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് വർഷക്കാലയളവിനുള്ളിൽ 935 ദശലക്ഷത്തിലധികം സീറോ-എമിഷൻ യാത്രകൾ സാധ്യമാക്കാൻ ശൂന്യ സീറോ പൊലൂഷൻ മൊബിലിറ്റിയുടെ ഭാഗമായി രാജ്യത്തിന് കഴിഞ്ഞു. ഈ സംരഭത്തിലൂടെ 1198 കോടി രൂപയുടെ ഇന്ധന ലാഭമാണ് ലഭിച്ചത്. 2.22 ദശലക്ഷം മരങ്ങൾ നടുന്നതിന് തുല്യമായ പ്രവൃത്തിയാണിതെന്നും മന്ത്രി പറഞ്ഞു.

കേരളം ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഏറ്റെടുക്കുന്നതിൽ ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ്. കേരളത്തിൽ 41.9% ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിലവിൽ ഉപയോഗത്തിലുണ്ട്. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർ.എം.ഐ. മാനേജിംഗ് ഡയറക്ടർ അക്ഷിമാ ഗാതെ, നീതി ആയോഗ് ഉപദേശകൻ സുധേന്ദു ജെ. സിൻഹ, കെ.എസ്.ഇ.ബി. ചെയർമാൻ & മാനേജിംഗ് ഡയറക്ടർ മിൻഹാജ് ആലം, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ കെ.ആർ. ജ്യോതിലാൽ, പുനീത് കുമാർ, അനെർട്ട് സി.ഇ.ഒ. ഹർഷിൽ ആർ മീണ, കെ.എസ്.ഇ.ബി. ഡയറക്ടർ സജീവ് ജി. എന്നിവർ പങ്കെടുത്തു.