ആരും ചോദിച്ച് വരാതെ ബാങ്കില്‍ കിടക്കുന്നത് കോടികള്‍; പണം എന്ത് ചെയ്യുമെന്ന് ഒടുവില്‍ തീരുമാനമായി

Thursday 25 September 2025 7:52 PM IST

ന്യൂഡല്‍ഹി: അവകാശികളില്ലാതെ ഇന്ത്യയിലെ ബാങ്കുകളില്‍ കിടക്കുന്നത് കോടിക്കണക്കിന് പണമാണ്. 67,270 കോടി രൂപയാണ് ഇത്തരത്തില്‍ ബാങ്കുകളിലുള്ളത്. ഈ തുക എന്ത് ചെയ്യണമെന്ന കാര്യത്തില്‍ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തുക ഉടമകള്‍ക്ക് തന്നെ തിരികെ നല്‍കാന്‍ പ്രത്യേക പരിപാടിക്ക് തന്നെ തുടക്കം കുറിക്കുകയാണ് ആര്‍ബിഐ. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലായിരിക്കും പ്രത്യേക കര്‍മപരിപാടി സംഘടിപ്പിക്കുക.

ഗ്രാമീണ, സെമി അര്‍ബന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാവും ക്യാമ്പയിന്‍ നടത്തുകയെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അവകാശികളില്ലാത്ത പണം നിക്ഷേപകര്‍ക്ക് നല്‍കാന്‍ ബാങ്കുകള്‍ പരമാവധി ശ്രമിക്കണമെന്ന് ആര്‍.ബി.ഐ നിര്‍ദേശിച്ചിട്ടുണ്ട്. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലയളവിലാണ് ഇത്തരത്തില്‍ ഉടമകളില്ലാത്ത ബാങ്ക് അക്കൗണ്ടുകളിലെ പണത്തെ സംബന്ധിച്ച് വിവരം ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ തുടങ്ങുമെന്നും അദ്ദേഹം അന്ന് അറിയിച്ചിരുന്നു.

10 വര്‍ഷമായി ഇടപാടുകളൊന്നും നടക്കാത്ത കറന്റ് അല്ലെങ്കില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍. കാലാവധി കഴിഞ്ഞിട്ടും അവകാശികളില്ലാത്ത ടേം ഡെപ്പോസിറ്റുകള്‍. ഇനിയും സ്വീകരിക്കാത്ത ഡിവിഡന്റ്, പലിശ എന്നിവയാണ് ഇത്തരത്തില്‍ അവകാശികളില്ലാത്ത പണമായി ആര്‍.ബി.ഐ കണക്കാക്കുന്നത്. ഇതുമായി ബന്ധപെട്ട് പ്രിന്റ്, ഇലക്ട്രോണിക് മീഡിയകളിലൂടെ പരസ്യം നല്‍കി ആളുകളെ ബോധവല്‍ക്കരിക്കാനും ആര്‍.ബി.ഐ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ജൂലായിലാണ് ഇന്ത്യയില്‍ 67,270 കോടിയുടെ അവകാശികളില്ലാത്ത പണമുണ്ടെന്ന് പാര്‍ലമെന്റിനെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.