"ബ്രോ ബംഗാളിയാണെന്ന് തെളിയിച്ചു", വായിൽ മത്സ്യവുമായി നീന്തുന്ന പാമ്പിന്റെ വീഡിയോ വൈറൽ

Thursday 25 September 2025 8:23 PM IST

കൊൽക്കത്ത : കൊൽക്കത്തക്കാരുടെ മത്സ്യപ്രേമം പ്രസിദ്ധമാണ്. ഇപ്പോഴിതാ വെള്ളപ്പൊക്കത്തിൽ വായിൽ മത്സ്യവുമായി നീന്തുന്ന പാമ്പിന്റെ വീഡിയോ ആണ് വൈറലാകുന്നത്. കൊൽക്കത്തയിലെ പാമ്പിനുപോലും ചോറും മീനുമാണിഷ്‌ടം എന്ന കമന്റും പുറകെ വന്നു.

ആത്രേയി മിത്ര എന്നയാളാണ് "ദുർഗ്ഗ പൂജയ്ക്ക് തൊട്ടുമുമ്പ്, കൊൽക്കത്തയും കൊൽക്കത്തയുടെ ചെറിയ പ്രത്യേകതകളും," എന്ന അടിക്കുറിപ്പിൽ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിട്ടത്. പാമ്പിന്റെ അത്ഭുതകരമായ നീന്തൽ വൈദഗ്ധ്യം പകർത്തിയ ഈ വീഡിയോ വൻ ജനപ്രീതി നേടുകയും മത്സ്യപ്രേമികളായ കൊൽക്കത്തക്കാരിൽ ഇത് ചിരി പടർത്തുകയും ചെയ്‌തു.

പ്രാദേശികമായി ജോൾ ധോറ എന്നറിയപ്പെടുന്ന ചെക്കർഡ് കീൽബാക്ക് ഇനത്തിൽപ്പെട്ട പാമ്പാണിത്. ശുദ്ധജലത്തിൽ സാധാരണയായി കാണപ്പെടുന്ന നീർക്കോലി പോലെ വിഷമില്ലാത്ത ഒരു പാമ്പ്.

"ബ്രോ ബംഗാളിയാണെന്ന് തെളിയിച്ചു","പാമ്പുകൾക്കുപോലുംമത്സ്യം ഇഷ്ടമാണ്. ഇതാണ് കൊൽക്കത്തയുടെ പ്രത്യേകത" എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കൊൽക്കത്തയിൽ മേഘവിസ്ഫോടനം

അതേസമയം സെപ്റ്റംബർ 23 ന് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ കനത്ത മഴയിൽ കുറഞ്ഞത് 11 പേർ മരിച്ചു. മേഘവിസ്ഫോടനത്തെ തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതവും തടസ്സപ്പെട്ടു. ബുധനാഴ്ച, ഭവാനിപൂരിലെ നോർത്തേൺ പാർക്കിൽ പെയ്‌ത കനത്ത മഴയിൽ നഗരത്തിലെ ദുർഗാ പൂജ പന്തലുകളിൽ വെള്ളം കയറി.

ഏറ്റവും കണക്കനുസരിച്ച് 24 മണിക്കൂറിനുള്ളിൽ 251.4 മില്ലിമീറ്റർ മഴയാണ് കൊൽക്കത്തയിൽ പെയ്തത്. 1986 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ 137 വർഷത്തിനിടയിലെ ഒറ്റ ദിവസത്തെ മഴയുടെ കണക്കിൽ ആറാമത്തെ ഏറ്റവും ഉയർന്ന നിരക്കുമാണ്. 1978 ൽ 369.6 മില്ലിമീറ്റർ, 1888 ൽ 253 മില്ലിമീറ്റർ, 1986 ൽ 259.5 മില്ലിമീറ്റർ എന്നീ റെക്കോർഡുകൾക്ക് പിന്നിലാണ് ഈ കണക്കുകൾ.