വിദ്യാർത്ഥിനി പഠനത്തിൽ പിന്നാക്കം പോയി; പുറത്ത് വന്നത് ലൈംഗികാതിക്രമം
കൊച്ചി: പഠനത്തിൽ മിടുക്കിയായ കുട്ടിക്ക് ക്ലാസ് പരീക്ഷകളിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് വീട്ടുകാർക്കും അദ്ധ്യാപകർക്കുമുണ്ടായ സംശയം പുറത്തുകൊണ്ടുവന്നത് യുവാവിന്റെ ലൈംഗികാതിക്രമം. സംഭവത്തിൽ എറണാകുളത്ത് യൂബർടാക്സി ഡ്രൈവറായി ജോലിചെയ്യുന്ന യുവാവിനെ പാലാരിവട്ടം എസ്.എച്ച്.ഒ കെ.ആർ. രൂപേഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. വയനാട് ചീരാൽ സ്വദേശി നൗഷാദാണ് (30) പൊലീസിന്റെ പിടിയിലായത്.
15 വയസുള്ള വിദ്യാർത്ഥിനിയാണ് പൊടുന്നനെ പഠനത്തിൽ പിന്നാക്കം പോയത്. മകൾ കൂടുതൽ സമയം മൊബൈൽഫോണിൽ സമയം ചെലവഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മാതാപിതാക്കൾക്ക് സംശയമായി. ഇതിനിടെ വിദ്യാർത്ഥിനി പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപകരും വീട്ടുകാരോട് കാര്യം തിരക്കി. വിദ്യാർത്ഥിനിയുടെ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് രക്ഷിതാക്കൾ ഞെട്ടിയത്. യൂബർഡ്രൈവറും വിദ്യാർത്ഥിനിയും തമ്മിലുള്ള നിരവധി ചാറ്റുകളുൾപ്പെടെ ഫോണിലുണ്ടായിരുന്നു.
കുട്ടിയോട് സൗഹൃദംനടിച്ച് അടുത്തുകൂടിയശേഷം നൗഷാദ് ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് പറഞ്ഞു. ഫോൺചെയ്ത് പ്രലോഭിപ്പിച്ചശേഷം വിദ്യാർത്ഥിനിയെ കാറിൽക്കയറ്റി കൊണ്ടുപോയതായി കണ്ടെത്തി. പെൺകുട്ടിയുടെ മൊബൈൽഫോണിലേക്ക് ഇയാൾ നിരന്തരം വിളിച്ചിരുന്നതായി കോൾവിവരങ്ങളിൽനിന്ന് വ്യക്തമായി.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതി വിവാഹിതനാണ്.