പെരുനാട്ടി​ൽ അമീബിക് മസ്തിഷ്കജ്വരം, ജാഗ്രതയോടെ​ ആരോഗ്യവകുപ്പ്

Friday 26 September 2025 12:43 AM IST

റാന്നി : പെരുനാട് സ്വദേശിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതോടെ ജി​ല്ലയി​ൽ ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിൽ. രോഗംവന്ന സാഹചര്യം മനസിലാക്കാൻ രോഗിയുടെ വീട്ടിലെയും പണി​സ്ഥലത്തെയും വെള്ളത്തി​ന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇത് വിദഗ്ദ്ധ പരിശോധനയ്ക്കായി​ തിരുവനന്തപുരം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയച്ചിരിക്കുകയാണ്. കൂടാതെ പഞ്ചായത്ത്, വാട്ടർ അതോറിറ്റി, കൃഷി, വെറ്റിനറി, ഫുഡ് സേഫ്റ്റി എന്നിവരടങ്ങുന്ന പൊതുജനാരോഗ്യ സമിതി യോഗം വിളിച്ചുകൂട്ടി. സ്കൂളുകളിൽ ഉൾപ്പടെ നോട്ടീസ് വിതരണം ചെയ്യാനും വിവിധ മേഖലകളിൽ യോഗങ്ങൾ വിളിച്ചുകൂട്ടി ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ടാപ്പിംഗ് തൊഴിലാളിക്കാണ് രോഗം പിടിപെട്ടത്. ഈ മാസം 5ന് കാലുവേദനയും നടക്കാൻ ബുദ്ധി​മുട്ടും ഉണ്ടായതോടെയാണ് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങി​യത്. അടുത്തദി​വസം തലവേദനയും ശരീരത്ത് വേദനയും ബലക്കുറവും അനുഭവപ്പെട്ടതോടെ വടശ്ശേരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചി​കി​ത്സതേടി​. ഇവിടെ നിന്ന് റാന്നി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇവിടെ നി​ന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തി​ച്ചു. സ്കാനിംഗ് റി​സൽട്ടി​ൽ സംശയം തോന്നിയ ഡോക്ടർ രോഗിയെ കോട്ടയം മെഡിക്കൽ കോളേജി​ലേക്ക് മാറ്റി. ഇവിടെ എത്തിയ രോഗി ഐ.സി.യുവിൽ തുടരുകയാണ്.

രോഗിയുടെ വീടിനോട് ചേർന്ന് ഒരുനീരുറവ വശങ്ങൾ കെട്ടിയ നി​ലയി​ലാണ്. ഇതിൽ നിന്നുമാണ് കുടിക്കാൻ വെള്ളം എടുക്കുന്നത്. കൂടാതെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ വഴി എത്തുന്ന ജലം ടാങ്കുകളിൽ ശേഖരിച്ചാണ് കുളിക്കാനും മറ്റും ഉപയോഗിക്കുന്നത്. ഈ ടാങ്കുകൾ ഏറെ നാളുകളായി വൃത്തിയാക്കിയിട്ടെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. പണി​യി​ടത്ത് നീരുറവയോ, കിണറുകളോ ഇല്ലെന്നും, എന്നാൽ കൈകഴുകാനും മറ്റുമായി മഴവെള്ളം ചെറിയ ബക്കറ്റിൽ ശേഖരിച്ചു വച്ചിട്ടുണ്ടെന്നും ഇതിൽ നിന്നുമാണ് കൈകൾ കഴുകിയിരുന്നതിനും ആരോഗ്യ വകുപ്പ് അധി​കൃതർ അറി​യി​ച്ചു. ഇവിടുന്ന് എല്ലാം വെള്ളത്തി​ന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അമീബിക് മസ്തിഷ്കജ്വരം ജില്ലയിൽ ആദ്യം,

സംസ്ഥാനത്തെ രോഗബാധി​തർ : 80

ലക്ഷണങ്ങൾ ശ്രദ്ധിക്കുക:

1. പനിയില്ലാതെ അപസ്മാരം, തലവേദന, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക.ഈ ലക്ഷണങ്ങൾ കാണുന്ന സാഹചര്യത്തിൽ അടുത്തിടെ കുളത്തിലോ മറ്റെന്തെങ്കിലും ജലാശയത്തിലോ കുളിച്ചട്ടുണ്ടെങ്കിൽ അത് ഡോക്ടറെ അറിയിക്കുക.

2. വൃത്തിഹീനമായതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തിൽ കുളിക്കുന്നതിലൂടെയും മൂക്കിൽ വെള്ളം കയറുന്നതിലൂടെയുമാണ് അമീബിക് മസ്തിഷ്കജ്വരം വരുന്നത്. കൂടാതെ മുറിവുകളിലൂടെയും അമീബ ശരീരത്തിൽ പ്രവേശിക്കാം. രോഗം വരാതിരിക്കാൻ നീന്തൽക്കുളങ്ങളിൽ ശുചിത്വം ഉറപ്പാക്കുക, മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കുക. വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക.