ആറ് മാസം കൊണ്ട് ഉത്പാദിപ്പിച്ചത് അരക്കോടി മത്സ്യക്കുഞ്ഞുങ്ങൾ
പാലക്കാട്: മത്സ്യവിത്തുത്പാദനത്തിൽ ലക്ഷ്യത്തിലേക്ക് അതിവേഗം ഓടിയടുക്കുകയാണ് മലമ്പുഴ ദേശീയ മത്സ്യക്കുഞ്ഞ് ഉത്പാദനകേന്ദ്രം. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 50 ലക്ഷത്തിലധികം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഉത്പാദിപ്പിച്ചത്. ഒരുവർഷം ഒന്നേമുക്കാൽ കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയാണ് സംസ്ഥാന മത്സ്യവകുപ്പിന് കീഴിലെ കേന്ദ്രത്തിന്റെ ലക്ഷ്യം. 2023-2024, 2024-2025 സാമ്പത്തിക വർഷങ്ങളിൽ ഒന്നരക്കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചിരുന്നു. കാർപ്പ് മത്സ്യങ്ങളായ കട്ല, രോഹു, മൃഗാല, സൈപ്രനസ്, ഗ്രാസ് കാർപ്പ് തുടങ്ങിവയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അതിൽ രോഹുവാണ് ഏറ്റവും കൂടുതൽ. കഴിഞ്ഞ വർഷത്തിൽ 60 ലക്ഷം രോഹുക്കുഞ്ഞുങ്ങൾ ഇവിടെയുണ്ടായി. കട്ല, രോഹു, മൃഗാല എന്നീ മത്സ്യങ്ങൾക്ക് തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തും സൈപ്രനസ്, ഗ്രാസ് കാർപ്പ് മത്സ്യങ്ങൾക്ക് വടക്കുകിഴക്കൻ മൺസൂൺ കാലവുമാണ് പ്രജനന കാലം.
5.44 ഹെക്ടറിൽ 163 കുളങ്ങളാണ് മലമ്പുഴ കേന്ദ്രത്തിലുള്ളത്. മാതൃമത്സ്യങ്ങൾക്ക് അഞ്ച് മില്ലിമീറ്റർ, കുഞ്ഞുങ്ങൾക്ക് നാല് മില്ലിമീറ്റർ എന്നിങ്ങനെയാണ് ദിവസത്തിൽ ഭക്ഷണം നൽകുന്നത്. പ്രസവിച്ച് 45 ദിവസത്തിനുശേഷമാണ് ആവശ്യക്കാർക്ക് കുഞ്ഞുങ്ങളെ നൽകുക. കട്ലയ്ക്കും രോഹുവിനും 60 പൈസയും മൃഗാല, സൈപ്രനസ്, ഗ്രാസ് കാർപ്പ് എന്നിവയ്ക്ക് 40 പൈസയുമാണ് വില. ആവശ്യക്കാർക്ക് ഒരു സെന്റ് കുളത്തിന് 30 കുഞ്ഞുങ്ങളെവരെ നൽകും. സംസ്ഥാനത്തെ ജനകീയ മത്സ്യകൃഷി പദ്ധതിയിലൂടെയാണ് കൂടുതൽ മത്സ്യങ്ങളും വിറ്റുപോകുന്നത്. സ്വകാര്യ വ്യക്തികളും വൻതോതിൽ മത്സ്യക്കുഞ്ഞുങ്ങളെ സ്വന്തമാക്കുന്നുണ്ട്. വടക്കൻ കേരളത്തിലെ എല്ലാ ജില്ലകളിലും തെക്കൻ കേരളത്തിലെ ആലപ്പുഴവരെയും മലമ്പുഴയിലെ മത്സ്യങ്ങൾ വിറ്റുപോയിട്ടുണ്ട്. മലമ്പുഴ കൂടാതെ ജില്ലയിലെ മീങ്കര, ചുള്ളിയാർ, മംഗലം, വാളയാർ തുടങ്ങിയ കേന്ദ്രങ്ങളും അതിവേഗം ലക്ഷ്യം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ്.