ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ തുടങ്ങി; കാത്ത് ലാബിന് കാത്തിരിപ്പ്

Friday 26 September 2025 12:48 AM IST

ശബരിമല: കഴിഞ്ഞ തീർത്ഥാടനകാലത്ത് ഹൃദയാഘാതം മൂലം മരിച്ചത് 50ൽ അധികം തീർത്ഥാടകരാണ്. ഹൃദയചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങൾ സന്നിധാനത്തോ പമ്പയിലോ ശരണപാതകളിലോ സജ്ജീകരിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം. പമ്പയിൽ ആധുനിക സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ബഹുനില ആശുപത്രി കെട്ടിടം സജ്ജമാക്കിയിട്ടുണ്ടെങ്കിലും കാത്ത് ലാബ് സൗകര്യമില്ല.

അയ്യപ്പദർശനത്തിനായി മലയറുന്ന തീർത്ഥാടകർക്കുണ്ടാകുന്ന വലിയ ആരോഗ്യപ്രശ്നം ഹൃദയാഘാതമാണ്. പരമ്പരാഗത പാതയായ നിലീമല, അപ്പാച്ചിമേട് വഴിയുള്ള ചെങ്കുത്തായ മലകയറുമ്പോൾ ഹൃദയമിടിപ്പ് വർദ്ധിച്ച് കിതപ്പ് അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ സമയനഷ്ടം കൂടാതെ വിദഗ്ദ്ധചികിത്സ നൽകിയാൽ മാത്രമെ ജീവൻ രക്ഷിക്കാനാകൂ. ഹൃദയാഘാതമുണ്ടായാൽ പ്രാഥമിക ചികിത്സ നൽകാൻ പമ്പയിലും സന്നിധാനത്തും നീലമല മുകളിലും അപ്പാച്ചിമേട്ടിലും കാർഡിയോളജി സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. കുഴഞ്ഞു വീഴുന്നവരെ ആശുപത്രിയിൽ അതിവേഗം എത്തിക്കുവാൻ ഓഫ് റോഡ് ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.

സമയത്ത് ചികിത്സ ലഭിക്കില്ല

ഹൃദയാഘാതമുണ്ടാകുന്നവർക്ക് ആദ്യമണിക്കൂറിനുള്ളിൽ ലഭിക്കുന്ന ചികിത്സയാണ് പരമപ്രധാനം. മലകയറ്റത്തിനിടെ ഹൃദയാഘാതമുണ്ടായാൽ പമ്പയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം, കോന്നി മെഡിക്കൽ കോളേജ് ആശുപത്രികളിൽ എത്തിക്കുകയാണ് പതിവ്. ഒരു ആംബുലൻസ് മെഡിക്കൽ കോളേജിൽ എത്താൻ ഒന്നരമുതൽ രണ്ടു മണിക്കൂർ വരെ സമയം വേണ്ടിവരും. ആശുപത്രിയിലേക്കുള്ള യാത്രമധ്യേയാണ് പലരും അപായപ്പെടുന്നത്.

കാത്ത് ലാബ് ഒരുക്കാൻ ശ്രമം തുടങ്ങി

കാത്ത് ലാബ് അടിയന്തരമായി ഒരുക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനും ആരോഗ്യമന്ത്രിക്കും ദേവസ്വം ബോർഡ് കത്ത് നൽകിയിട്ടുണ്ട്. ദേവസ്വം മന്ത്രി വി.എൻ.വാസവൻ മുൻകൈ എടുത്ത് ആരോഗ്യന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ ഉടൻ യോഗം ചേരും. ആരോഗ്യവകുപ്പിന് ദേവസ്വം ബോർഡിന്റെ സഹായം ആവശ്യമുണ്ടെങ്കിൽ അതുനൽകും. തീർത്ഥാടനത്തിന് മുൻപ് കാത്ത് ലാബ് സജ്ജമാക്കുന്നതിനാവശ്യമായ എല്ലാ ഇടപെടലുകളും നടത്തും.

അഡ്വ.എ.അജികുമാർ (ദേവസ്വം ബോർഡ് അംഗം)

കാത്ത് ലാബ് ?

ഹൃദയസംബന്ധമായ രോഗങ്ങൾ നിർണയിക്കാനും വേഗത്തിൽ ചികിത്സ നൽകാനും ഉപയോഗിക്കുന്ന അത്യാധുനിക സംവിധാനമാണ് കാത്ത് ലാബ്. ഹൃദയ ധമനികളിലെ തടസങ്ങൾ കണ്ടെത്തുക, അവ നീക്കം ചെയ്യുക (ആൻജിയോപ്ലാസ്റ്റി) , വാൽവ് പ്രശ്നങ്ങൾ പരിഹരിക്കുക, ഹൃദയമിടിപ്പ് ക്രമീകരിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കുക, എമർജൻസി പരിചരണം നൽകുക എന്നിവയെല്ലാം ഇതിലൂടെ സാധിക്കുന്നു.