വയനാട് കോൺഗ്രസിലെ വിവാദം -- ഡി.സി.സി പ്രസിഡന്റ് അപ്പച്ചൻ പുറത്ത്
കൽപ്പറ്റ: മുൻ ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയോടെ വിവാദക്കുഴിയിൽ വീണ വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഒടുവിൽ രാജിവച്ചു. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം കെ.പി.സി.സി പ്രസിഡന്റ് നേരിട്ട് രാജി ആവശ്യപ്പെടുകയായിരുന്നു.
കൽപ്പറ്റ നഗരസഭ ചെയർമാൻ ടി.ജെ. ഐസക്കിന് ഡി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നൽകി. രണ്ട് ഘട്ടങ്ങളിലായി 16 വർഷമാണ് അപ്പച്ചൻ ഡി.സി.സി പ്രസിഡന്റായിരുന്നത്.
വയനാട് എം.പി കൂടിയായ പ്രിയങ്കയും രാഹുലും സോണിയാഗാന്ധിയും കഴിഞ്ഞ ദിവസം വയനാട്ടിലെത്തി പാർട്ടി ജില്ലാ ഘടകത്തിലെ പ്രശ്നത്തിൽ ഇടപെട്ടു. ഇതിനുപിന്നാലെ അപ്പച്ചൻ രാജി സന്നദ്ധത അറിയിച്ചിരുന്നു.
രാജി സ്വീകരിച്ചതടക്കമുള്ള വിഷയങ്ങൾ കെ.പി.സി.സി ഔദ്യോഗികമായി അപ്പച്ചനെ അറിയിച്ചിരുന്നില്ല. മാദ്ധ്യമങ്ങൾ പ്രതികരണത്തിനായി ഇന്നലെ ഓഫീസിലെത്തിയപ്പോൾ ആദ്യം നിഷേധിച്ചു. പിന്നീട്, നേതൃത്വമെടുക്കുന്ന ഏത് തീരുമാനവുമായും സഹകരിക്കുമെന്ന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ പങ്കെടുത്ത പ്രത്യേക ഡി.സി.സി നേതൃയോഗം കൽപ്പറ്റയിൽ ചേർന്നിരുന്നു. അപ്പച്ചനുൾപ്പെടെ ശക്തമായ മുന്നറിയിപ്പും നൽകി.
പ്രിയങ്ക വയനാട്ടിൽ പര്യടനം നടത്തുന്ന വേളയിലും തുടർച്ചയായി വിവാദങ്ങൾ ഉയർന്നത് എ.ഐ.സി.സിയുടെ കടുത്ത അതൃപ്തിക്ക് കാരണമായി. വിജയന്റെ മരുമകളുടെ ആത്മഹത്യാശ്രമവും ഡി.സി.സിക്കെതിരെ അവർ നിരന്തരം ആരോപണമുന്നയിച്ചതും സി.പി.എം നിലപാടിനെ പരസ്യമായി അനുകൂലിച്ചതും ഈ ഘട്ടത്തിലാണ്.
ഇതിനുപിന്നാലെ കഴിഞ്ഞദിവസം ദേശീയ മാദ്ധ്യമത്തിൽ വന്ന വാർത്തയും അപ്പച്ചന് തിരിച്ചടിയായി. പ്രിയങ്കാഗാന്ധിയുടെ മണ്ഡലത്തിലെ പര്യടന പരിപാടികൾ ഡി.സി.സി അറഞ്ഞില്ല, ഡി.സി.സിയും പ്രിയങ്കയുടെ ഓഫീസും രണ്ട് തട്ടിൽ എന്നായിരുന്നു വ്യാഖ്യാനം. 10 ദിവസം നീണ്ട മണ്ഡലത്തിലെ പരിപാടികളിൽ പ്രിയങ്കയ്ക്കൊപ്പം അപ്പച്ചൻ ഉണ്ടായിരുന്നില്ല. വിവാദങ്ങളിൽപ്പെട്ട അപ്പച്ചനെ മാറ്റിനിറുത്തിയെന്നാണ് വാർത്ത വന്നത്. അതേസമയം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിൽ ഡി.സി.സി പ്രസിഡന്റുമാരോടൊപ്പമാണ് പര്യടനം നടത്തിയത്.
പാർട്ടിയെ കുഴപ്പിച്ച
ഗ്രൂപ്പ് പോര്
ശക്തമായ ഗ്രൂപ്പ് പോരാണ് വയനാട് ജില്ലയിലെ ഏറ്റവും മുതിർന്ന നേതാവായ അപ്പച്ചനെ വിഴ്ത്തിയത്. 1991 മുതൽ 2002 വരെയും പിന്നീട് 2021 ഓഗസ്റ്റ് മുതലുമാണ് അപ്പച്ചൻ ഡി.സി.സി പ്രസിഡന്റ് സ്ഥാനം വഹിച്ചത്. ഒടുവിൽ പാർട്ടി നേതൃത്വത്തിന് അനഭിമതനായി പടിയിറക്കം. എൻ.എം വിജയൻ കേസിൽ പ്രതിയാവുകയും ചെയ്തു.
അപ്പച്ചന്റെ അനുയായിയായിരുന്ന മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയും പാർട്ടിക്ക് കളങ്കമുണ്ടാക്കി. തന്നെ കള്ളക്കേസിൽ കുടുക്കിയതിൽ നെല്ലേടത്തിന് പങ്കുണ്ടെന്ന് കോൺഗ്രസ് വാർഡ് പ്രസിഡന്റ് തങ്കച്ചൻ പൊലീസിന് മൊഴി നൽകിയതിനു പിന്നാലെയായിരുന്നു ആത്മഹത്യ. എതിർ ഗ്രൂപ്പുകാരനായ തങ്കച്ചന്റെ വീട്ടിൽ സ്‌ഫോടകവസ്തുക്കളും മദ്യവും കൊണ്ടുവച്ച് കുടുക്കിയതാണെന്ന് പിന്നീട് തെളിഞ്ഞു. 17 ദിവസമാണ് തങ്കച്ചന് റിമാൻഡിൽ കഴിയേണ്ടിവന്നത്.
എൻ.ഡി.അപ്പച്ചനെ എഐ.സി.സി അംഗമാക്കി
കൽപ്പറ്റ: വയനാട് ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ച എൻ.ഡി. അപ്പച്ചനെ മണിക്കൂറുകൾക്കുള്ളിൽ നേതൃത്വം എ.ഐ.സി.സി അംഗമായി സ്ഥാനക്കയറ്റം നൽകി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയാണ് അപ്പച്ചനെ കേരളത്തിൽ നിന്നുള്ള എ.ഐ.സി.സി അംഗമായി നിയമിച്ചത്. മുട്ടിൽ പഞ്ചായത്തംഗം, പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഹാഡ വൈസ് ചെയർമാൻ എന്നീ നിലകളിലും കാക്കവയൽ സ്വദേശിയായ അപ്പച്ചൻ പ്രവർത്തിച്ചിട്ടുണ്ട്.
വിജയന്റെ കുടുംബത്തിന് ഭൂമിയുടെ രേഖ തിരിച്ചുകിട്ടി
സുൽത്താൻബത്തേരി: ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് എൻ.എം. വിജയന് സുൽത്താൻബത്തേരി അർബൻ ബാങ്കിൽ ഉണ്ടായിരുന്ന ബാദ്ധ്യത കെ.പി.സി.സി അടച്ചുതീർത്തതോടെ ഭൂമിയുടെ രേഖകൾ കുടുംബത്തിന് തിരികെ നൽകി. അറുപതുലക്ഷത്തോളം രൂപ കഴിഞ്ഞദിവസം കെ.പി.സി.സി ബാങ്കിൽ അടച്ചിരുന്നു. ഇന്നലെ ഉച്ചയോടെ സുൽത്താൻബത്തേരിയിലെ ബാങ്ക് ശാഖയിലെത്തിയാണ് മകൻ വിജേഷും മരുമകൾ പത്മജയും രേഖകൾ കൈപ്പറ്റിയത്. കെ.പി.സി.സി നേതൃത്വം വാക്ക് പാലിച്ചതായി രേഖകൾ കൈപ്പറ്റിയ ശേഷം വിജേഷ് പറഞ്ഞു. പാർട്ടിയും എൻ.എം. വിജയന്റെ കുടുംബവുമായി ഉടലെടുത്ത പ്രശ്നങ്ങൾക്ക് ഇതോടെ വിരാമമാകുമെന്നാണ് പ്രതീക്ഷ.