കള്ളുഷാപ്പിൽ ഡിജി. ബിൽ വരുന്നു
കൊച്ചി: കള്ള് വിൽക്കാൻ ഷാപ്പിൽ പി.ഒ.എസ് മെഷീൻ ബിൽ വേണമെന്ന് എക്സൈസ് വകുപ്പ്. വ്യാജക്കള്ള് വില്പന ഇല്ലാതാക്കലാണ് ലക്ഷ്യം. ബിൽ ഇല്ലാതെ വിറ്റാൽ പിഴ ഈടാക്കും. കരടു നിർദേശം സർക്കാരിന് സമർപ്പിച്ചു.
പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി അബ്കാരി ചട്ടം ഭേദഗതി ചെയ്യാൻ നടപടി ആരംഭിച്ചു. ടോഡി ബോർഡിനോട് അഭിപ്രായം ഉടൻ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളിന്റെ വില ഏകീകരണവും പരിഗണിക്കും.
കണ്ണൂരും തിരുവനന്തപുരവും ഒഴികെ പാലക്കാടൻ കള്ളാണ് കൂടുതൽ. ചെത്തിയെടുക്കുന്ന കള്ളും ഷാപ്പിൽ വിൽക്കുന്ന കള്ളും തമ്മിൽ വലിയ അന്തരമുണ്ട്. ചെത്തുകാർ കൊണ്ടുവരുന്ന കള്ളിന്റെയും പാലക്കാടൻ കള്ളിന്റെയും അളവ് രേഖപ്പെടുത്തണമെന്നും വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.
എതിർപ്പുമായി ഉടമകൾ
20-40 ലിറ്റർ മാത്രം ദിവസ വിൽപ്പനയുള്ള ചെറിയ ഷാപ്പുകളുടെ നിലനിൽപ്പിനെ പുതിയ രീതി ബാധിക്കുമെന്ന് കള്ളുഷാപ്പ് ഉടമകൾ പറയുന്നു. കാലഹരണപ്പെട്ട അബ്കാരി നിയമം പരിഷ്കരിക്കാതെ അപ്രായോഗികമായ ചട്ടങ്ങൾ കൊണ്ടുവരുന്നത് ശരിയല്ല. മിക്കവാറും ഷാപ്പുകളിൽ വൃദ്ധരാണ് ജീവനക്കാർ. അവർക്ക് പുതിയ സാങ്കേതികവിദ്യകൾ അറിയില്ല. ഇത്തരം നീക്കങ്ങൾ പരമ്പരാഗത കള്ള് വ്യവസായത്തെ നശിപ്പിക്കുമെന്ന് കള്ളുഷാപ്പ് ലൈസൻസീസ് അസോസിയേഷൻ പ്രസിഡന്റ് വി.കെ.അജിത് ബാബു പറഞ്ഞു.
സംസ്ഥാനത്തെ
ഷാപ്പുകൾ
5,174
ചെത്തുന്ന തെങ്ങുകൾ
ആകെ : 3,20,286
കൂടുതൽ പാലക്കാട് : 1,38,652
കുറവ് തിരുവനന്തപുരം : 834
പി.ഒ.എസ്
മെഷീൻ വില
₹ 7,000 -50,000