ഷീലയ്ക്കും പി.കെ.മേദിനിക്കും വയോസേവന പുരസ്‌കാരം

Friday 26 September 2025 12:46 AM IST

തിരുവനന്തപുരം: സാമൂഹ്യനീതിവകുപ്പ് ഏർപ്പെടുത്തിയ വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചലച്ചിത്രതാരം ഷീല, ഗായിക പി.കെ.മേദിനി എന്നിവർ ആജീവനാന്ത സംഭാവനാ പുരസ്‌കാരത്തിന് അർഹരായി. ഒരുലക്ഷം രൂപ വീതമാണ് പുരസ്‌കാരത്തുക. വയോജനക്ഷേമ പ്രവർത്തനങ്ങളിലെ സംഭാവനകൾക്ക് വയോജന കമ്മിഷനംഗം അമരവിള രാമകൃഷ്ണന് പ്രത്യേക ആദരം നൽകുമെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ മൂന്നിന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല വയോജനദിനാചരണ ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

ദക്ഷിണേഷ്യയിലെ ആദ്യ വയോജനസൗഹൃദ നഗരമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊച്ചിക്കാണ് മികച്ച കോർപ്പറേഷനുള്ള പുരസ്‌കാരം. പൊതുസ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും വയോജന സൗഹൃദമാക്കിയ കാസർകോട് മികച്ച ജില്ലാപ്പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു.