'ബഡ്ജറ്റ് ടൂറിസ'ത്തിൽ മിച്ചം ട്രാൻ.ബസ് നേടി 84 ലക്ഷം
കോഴിക്കോട്: ചുരുങ്ങിയ ചെലവിൽ വിനോദ യാത്രകളൊരുക്കി കോഴിക്കോട്, താമരശ്ശേരി, തൊട്ടിൽപ്പാലം, വടകര, തുരുവമ്പാടി ഡിപ്പോകളിൽ നിന്നായി കെ.എസ്.ആർ.ടി.സി ഈ വർഷം നേടിയത് 84 ലക്ഷം. പുത്തൻ സ്ഥലങ്ങളിൽ കുറഞ്ഞ നിരക്കിൽ കുടുംബത്തോടൊപ്പം പോകാൻ സൗകര്യപ്രദമായ 250ഓളം ഉല്ലാസ യാത്രകളാണ് ഈ വർഷം 'ബഡ്ജറ്റ് ടൂറിസം' ഒരുക്കിയത്.
ഈ മാസം തുടക്കത്തിൽ (ഒന്നു മുതൽ ഏഴു വരെ) മൂന്ന് ലക്ഷത്തിലധികം രൂപ വരുമാനം ലഭിച്ചു. ഗവി, മൂന്നാർ ട്രിപ്പുകളാണ് കൂടുതൽ വരുമാനം കൊണ്ടുവന്നത്. ഈ വർഷം മേയ് മാസത്തിലാണ് ഏറ്റവുമധികം കളക്ഷൻ നേടിയത്. 19 ലക്ഷം. ഇക്കഴിഞ്ഞ ഓണക്കാലത്തും ഉല്ലാസയാത്രയ്ക്ക് ഒട്ടേറെ പേർ ഉണ്ടായി. റിസോർട്ട് ടൂറിസത്തിന്റെ ഭാഗമായി പുതുതായി ഒരുക്കിയ കാസർകോട് പുളിയൻ തുരുത്തിലേക്കുള്ള പാക്കേജിലും വൻ തിരക്കായിരുന്നു. സൂര്യകാന്തി പൂക്കളുടെ സീസൺ തുടങ്ങിയതോടെ ജില്ലയിൽ നിന്ന് ഗുണ്ടൽപേട്ടിലേക്കും പ്രത്യേകം ട്രിപ്പുകൾ ഒരുക്കിയിരുന്നു.
കൂടുതൽ ഇഷ്ടം ഗവി യാത്ര
2022ൽ ആരംഭിച്ച പദ്ധതിയിൽ ജില്ലയിൽ ഏറ്റവുമധികം യാത്രക്കാരുള്ളത് ഗവി, ആതിരപ്പള്ളി, മൂന്നാർ, ഇലവീഴാപൂഞ്ചിര, ഇല്ലിക്കൽക്കല്ല്, സൈലന്റ് വാലി യാത്രകൾക്കാണ്. ഗവി, മൂന്നാർ, മലക്കപ്പാറ യാത്രകൾ വനം, ടൂറിസം വകുപ്പുകളുമായി സഹകരിച്ചാണ് നടത്തുന്നത്. ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള നെഫർടിറ്റി ആഡംബര കപ്പൽ യാത്രയ്ക്കും ജില്ലയിൽ നിന്ന് മികച്ച പ്രതികരണമാണുള്ളത്. യാത്രക്കാരെ കൊച്ചിയിലെ ബോൾഗാട്ടിയിലെത്തിച്ച് അവിടെ നിന്ന് ഉൾക്കടലിലേക്ക് കപ്പൽമാർഗം കൊണ്ടുപോകും. അതുകഴിഞ്ഞ് ബസിൽ മടക്കയാത്ര. വിനോദ യാത്രകൾക്ക് പുറമേ തീർത്ഥാടന യാത്രകളുമുണ്ട്. മൂകാംബിക, കൊട്ടിയൂർ, കണ്ണൂർ, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ നാലമ്പലം, ശബരിമല, ഗുരുവായൂർ, കൃപാസനം എന്നിങ്ങനെ സീസൺ യാത്രകളും ഒരുക്കുന്നുണ്ട്. പഞ്ചപാണ്ഡവ ദർശനത്തിനും ആറന്മുള വള്ളസദ്യയ്ക്കുമുള്ള സർവീസുകൾ ഒക്ടോബർ രണ്ട് വരെയുണ്ട്. ജില്ലയിലെ കാക്കൂർ, നന്മണ്ട, ചേളന്നൂർ എന്നിവിടങ്ങളിലെ ഒമ്പത് ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന ദശാവതാരക്ഷേത്ര ദർശനത്തിനും ആവശ്യക്കാർ ഏറെയാണ്. മൂകാംബിക, മൈസൂർ ഉൾപ്പെടെയുള്ള ദീർഘദൂര യാത്രകൾ ഡീലക്സ് സെമി സ്ലീപ്പറുകളിലാണ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് എ.സി ബസിലും യാത്ര ക്രമീകരിക്കാറുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.