ജനശതാബ്ദി 'കണക്‌ഷൻ' കെ.എസ്.ആർ.ടി.സി , ഒടക്കിട്ട് ഓട്ടോക്കാർ , വെട്ടിലായി യാത്രക്കാർ

Friday 26 September 2025 12:48 AM IST
കെ.എസ്.ആർ.ടി.സി

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ നിന്ന് ബാലുശേരിയിലേക്ക് ആരംഭിച്ച ജനശതാബ്ദി 'കണക്‌ഷൻ' കെ.എസ്.ആർ.ടി.സിക്കെതിരെ ഓട്ടോ തൊഴിലാളികൾ നടത്തുന്ന സമരം മുറുകിയതോടെ വെട്ടിലായി യാത്രക്കാർ. കഴിഞ്ഞ ദിവസം രാത്രി പ്രതീക്ഷിക്കാതെ ഉണ്ടായ സമരത്തിൽ യാത്രക്കാർ വലഞ്ഞു. പലരും വീട്ടുകാരെ വിളിച്ച് വാഹനം വരുത്തിയും ഏറെ ദൂരം നടന്നുപോയ ശേഷം ഓട്ടോയിൽ കയറിയുമാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്.

രാത്രിയിൽ ജനശതാബ്ദി ട്രെയിൻ വന്നശേഷം 11.10ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബാലുശേരി വഴി താമരശേരിയിലേക്കാണ് കെ.എസ്.ആർ.ടി.സി സർവീസ് ക്രമീകരിച്ചിട്ടുള്ളത്. എന്നാൽ ബസ് ഓടിയാൽ ഓട്ടം കുറയുമെന്നാണ് ഓട്ടോക്കാരുടെ പരാതി. റെയിൽവേ സ്റ്റേഷന് മുന്നിൽ നിറുത്തി ആളെ കയറ്റുകയാണെന്നും ജനശതാബ്ദി എത്തിയാലും മറ്റ് ട്രെയിനുകളിൽ വന്നിറങ്ങുന്ന യാത്രക്കാരെ കാത്തുനിൽക്കുന്നതായും ഒരു വിഭാഗം ഓട്ടോക്കാർ ആരോപിക്കുന്നു. റെയിൽവേ പരിസരത്ത് ബസ് നിറുത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഓട്ടോക്കാരുടെ പ്രതിഷേധം പലപ്പോഴും വാക്കേറ്റത്തിന് ഇടയാക്കുകയാണ്. കെ.എസ്.ആർ.ടി.സി സർവീസ് സുഗമമാക്കാൻ പൊലീസ് ഇടപെടൽ ആവശ്യപ്പെട്ട് താമരശേരി ഡിപ്പോ അസി. ട്രാൻസ്പോർട്ട് ഓഫീസർ സിറ്റി പൊലീസ് കമ്മിഷണർക്ക് കത്തുനൽകിയിരുന്നു. എന്നാൽ മാസങ്ങളായിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആഗസ്റ്റ് 17 മുതൽ രാത്രിയിൽ ബാലുശേരിയിലേക്ക് ബസ് സർവീസ് ആരംഭിച്ചത്. വൈകിയെത്തുന്ന യാത്രക്കാർക്ക് രാത്രി സർവീസ് വലിയ ആശ്വാസമാണ്. കെ.എസ്.ആർ.ടി.സിക്ക് നല്ല വരുമാനവുമാണ്.

''ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ല. ഇനി പ്രശ്നമുണ്ടായാൽ നടു റോഡിൽ ഗതാഗതം തടസം സൃഷ്ടിക്കുന്ന ഓട്ടോകൾക്കെതിരെ കേസെടുക്കാനാണ് തീരുമാനം''- ജിതേഷ് പി. ടൗൺ എസ്.എച്ച്.ഒ

കെ.എസ്.ആർ.ടി.സി സർവീസ് തുടരുക തന്നെ ചെയ്യും. ബസ് സർവീസിന് റെയിൽവേ സ്റ്റേഷനു മുന്നിലെ ബസ്‌ബേയിൽ പാർക്കുചെയ്യാൻ പൊലീസ് ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്''- സുമേഷ്, താമരശേരി ഡിപ്പോ അസി. ട്രാൻപോർട്ട് ഓഫീസർ.