തേങ്ങയ്ക്ക് പിന്നാലെ കരിക്കിനും തീവില

Friday 26 September 2025 12:55 AM IST

ആലപ്പുഴ : തേങ്ങയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കരിക്കിന്റെ വിലയും കുതിക്കുന്നു. കൊടുംവരൾച്ചയായിരുന്ന ഏപ്രിൽ, ​മേയ് മാസങ്ങളിൽപ്പോലും 50 രൂപയായിരുന്ന കരിക്കിന് ഇപ്പോൾ 65​-70 രൂപയാണ് വില. തേങ്ങയ്ക്ക് ഉയർന്ന വില ലഭിക്കാൻ തുടങ്ങിയതോടെ ഗൗളീഗാത്രവും കപ്പത്തെങ്ങുമൊഴികെയുള്ളവയിൽ നിന്നുള്ള കരിക്ക് വിൽപ്പന കർഷകർ നിറുത്തി. നാട്ടിൻപുറത്തെ വിപണികളിൽ ഈ ആഴ്ച തുടക്കത്തിൽ കരിക്ക് ഒന്നിന് 55രൂപയായിരുന്നു.

ഒരു കരിക്കിന് പരമാവധി 35 രൂപയാണ് മുമ്പ് കർഷകർക്ക് ലഭിച്ചിരുന്നത്. എന്നാൽ ക്ഷാമം നേരിട്ടതോടെ ഇപ്പോൾ 45 രൂപ നിരക്കിൽ കരിക്ക് വാങ്ങാനാളുണ്ട്.

നാളികേരത്തിന്റെ വിലയ്ക്ക് ആനുപാതികമായി വെളിച്ചെണ്ണ ഉൾപ്പെടെ ഉത്പന്നങ്ങളുടെ വിലയും കുതിച്ചുയർന്നു. തമിഴ്നാട്ടിലെ തേനി, കമ്പം, ഉത്തമപാളയം, ആണ്ടിപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിൽ മുൻകാലങ്ങളിൽ 25 രൂപയിൽ താഴെയുണ്ടായിരുന്ന കരിക്കിന്റെ വില ഇപ്പോൾ അമ്പതിന് മുകളിലെത്തി. ഇവിടെ നിന്നാണ് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിലേക്ക് കരിക്ക് എത്തുന്നത്. വെള്ളയ്ക്ക വന്ന് അഞ്ചുമാസമായാൽ കരിക്കാകും. എന്നാൽ, തേങ്ങ പൂർണവളർച്ചയെത്താൻ പതിനൊന്നു മാസമെങ്കിലും വേണം. ഈ സമയത്തിനുള്ളിൽ രണ്ടുതവണ വിളവെടുക്കാനാകുമെന്നതാണ് കർഷകരെ കരിക്ക് കച്ചവടത്തിന് പ്രേരിപ്പിക്കുന്നത്.

 മണ്ഡരിബാധയ്ക്കു ശേഷം കർഷകർ തെങ്ങുകൾക്ക് വേണ്ടത്ര പരിചരണം നൽകാത്തത് ഉത്പാദനക്കുറവിന് കാരണമാണ്

 100 കരിക്ക് തെങ്ങിൽ കയറി ഇടുന്നതിന് 600 രൂപയും അത് കെട്ടി താഴെയിറക്കാൻ 300 രൂപയും കൂലി നൽകണം

 കരിക്ക് വിൽപ്പന നാളികേര ഉത്പാദനത്തെ ദോഷകരമായി ബാധിച്ചതിന് പിന്നാലെയാണ് കരിക്കും കിട്ടാക്കനിയായത്

നല്ല വിലയുണ്ടെങ്കിലും കരിക്ക് കിട്ടാനില്ലാത്ത സ്ഥിതിയാണ്. തറയിൽവീണ് പൊട്ടാതിരിക്കാൻ കെട്ടിയിറക്കുന്നതുൾപ്പെടെ വിളവെടുപ്പിന് ചെലവേറെയാണ്

- അച്യുതൻ, നാളികേര കർഷകൻ