ശസ്ത്രക്രിയാ പിഴവ്: ഗൈഡ് വയർ പുറത്തെടുത്താൽ രക്തക്കുഴൽ പൊട്ടിയേക്കും, യുവതിയും കുടുംബവും ആശങ്കയിൽ

Friday 26 September 2025 1:01 AM IST

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നത് സങ്കീർണമെന്ന് ആരോഗ്യവിദഗ്ദ്ധർ.ഇതോടെ യുവതിയും കുടുംബവും ആശങ്കയിലായി.

സുമയ്യയുടെ (26) നെഞ്ചിലെ രക്തക്കുഴലുകളോട് ഒട്ടിച്ചേർന്ന നിലയിലാണിത്. പുറത്തെടുക്കുന്നതിനിടെ രക്തക്കുഴൽപൊട്ടാൻ സാദ്ധ്യതയേറെയാണെന്നും ജീവൻ അപകടത്തിലാകുമെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി.

മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ഒരിക്കൽ കൂടി ഗൈഡ് വയറിന്റെ സ്ഥാനവും നീളവും ഉൾപ്പെടെ വിലയിരുത്തി അന്തിമ തീരുമാനമെടുക്കും. ആവശ്യമെങ്കിൽ സുമയ്യയെ വീണ്ടും പരിശോധിക്കും.

ഇന്നലെ ചേർന്ന പ്രത്യേക മെഡിക്കൽ ബോർഡ് സുമയ്യയുടെ ചികിത്സാരേഖകൾ വിശദമായി പരിശോധിച്ചു. വയർ കിടക്കുന്നതുകൊണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ശ്വാസതടസം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനാൽ ഗൈഡ് വയർ പുറത്തെടുത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നായിരുന്നു യുവതിയുടെ പ്രതീക്ഷ.

ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടരവർഷം പിന്നിട്ടു. ഗൈഡ് വയർ പുറത്തെടുക്കണമെന്ന് സുമയ്യ ആവശ്യപ്പെട്ടാൽ അപായം ബോദ്ധ്യപ്പെടുത്തും. ആരോഗ്യവകുപ്പിലെ അഡിഷണൽ ഡയറക്ടർ ഡോ.ദിനേശ് കുമാർ എ.പിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. ശ്രീചിത്രയിലെ കാർഡിയോതൊറാസിക് വിദഗ്ദ്ധർ ഉൾപ്പെടെ പങ്കെടുത്തു.

ഗുരുതര വീഴ്ചവരുത്തിയ ഡോക്ടർമാർ ഇപ്പോഴും ആശുപത്രിയിൽ ജോലി ചെയ്യുന്നുവെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ.രാജീവ് കുമാറിന്റെ യൂണിറ്റിൽ നടത്തിയ ശസ്ത്രക്രിയ ക്കിടെയാണ് നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്. തൈറോഡ് ശസ്ത്രക്രിയക്കിടെ രക്തവും മരുന്നും നൽകാനായിട്ട് സെൻട്രൽ ലൈനിന്റെ ഗൈഡ് വയറാണ് കുടുങ്ങിയത്. ഡോക്ടർക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ സമ്മതിച്ചിരുന്നു.

നിർബന്ധിച്ചാൽ ശസ്ത്രക്രിയ

അപായം ബോദ്ധ്യപ്പെട്ടിട്ടും ശസ്ത്രക്രിയ വേണമെന്ന നിലപാടെടുത്താൽ അതിലേക്ക് കടക്കും.

വയറും നെഞ്ചും തുറന്നുള്ള ശസ്ത്രക്രിയയാവും നടത്തുക.

പേസ്‌മേക്കർ ഉൾപ്പെടെ ഘടിപ്പിക്കുന്നവരുടെ നെഞ്ചിൽ ഇതിനേക്കാൾ വയറുകൾ ഘടിപ്പിക്കാറുണ്ട്.

സാധാരണ ഇത്തരം ഗൈഡ് വയറുകൾ നെഞ്ചിൽ കിടന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകില്ല.

അപൂർവം കേസുകളിൽ ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള സാദ്ധ്യതയും തള്ളികളയുന്നില്ല.

നിവർത്തികേട് കാരണമാണ് സർക്കാർ ആശുപത്രിയിൽ പോയത്. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. ഉത്തരവാദിയായ ഡോക്ടർ ഇപ്പോഴും സർവീസിലുണ്ട്.

-സുമയ്യ