എൽസ 3 കപ്പലപകടം, എം.എസ്.സി കെട്ടിവയ്ക്കേണ്ട തുക 1,227 കോടിയാക്കി ഹൈക്കോടതി
തുക കെട്ടിയാൽ 'അകിറ്റേറ്റ 2" വിട്ടയയ്‌ക്കും
കൊച്ചി: എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി അടിയന്തര സെക്യൂരിറ്റിയായി കെട്ടിവയ്ക്കേണ്ട തുക 1,227.62 കോടിയായി കുറച്ച് ഹൈക്കോടതി. 9,531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ നൽകിയ അഡ്മിറാൽറ്റി ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഈ തുകയ്‌ക്കുള്ള സെക്യൂരിറ്റി നൽകിയാൽ വിഴിഞ്ഞം തുറമുഖത്തുള്ള 'എം.എസ്.സി അകിറ്റേറ്റ 2" കപ്പലിന്റെ അറസ്റ്റ് ഒഴിവാക്കും. സർക്കാർ ആവശ്യപ്പെട്ട തുക നൽകുന്നതുവരെ അകിറ്റേറ്റ കപ്പൽ തടഞ്ഞിടണമെന്ന മുൻ ഉത്തരവ് ഭേദഗതി ചെയ്താണ് ജസ്റ്റിസ് എം.എ.അബ്ദുൾ ഹക്കീം ഇടക്കാല ഉത്തരവിട്ടത്.
'അകിറ്റേറ്റ 2" ആഴ്ചകളായി വിഴിഞ്ഞത്ത് പിടിച്ചിട്ടിരിക്കുകയാണ്. 1,227 കോടി സെക്യൂരിറ്റി നിശ്ചയിച്ചത് കൂടുതൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ സർക്കാരിന് കൂട്ടി ചോദിക്കാം. അധിക സെക്യൂരിറ്റിക്കായി ഇതേകമ്പനിയുടെ മറ്റേതെങ്കിലും കപ്പൽ തടഞ്ഞുവയ്‌ക്കണമെന്ന ആവശ്യവും വിശദവാദം നടക്കുമ്പോൾ ഉന്നയിക്കാനാകും.
ഹർജിക്ക് നിയമസാധുത
കേരളതീരത്തു നിന്ന് 14.5 നോട്ടിക്കൽ മൈൽ ദൂരപരിധിക്കപ്പുറം നടന്ന അപകടത്തിൽ അഡ്മിറാൽറ്റി സ്യൂട്ട് നൽകാൻ കേന്ദ്ര സർക്കാരിനേ കഴിയൂവെന്ന കപ്പൽക്കമ്പനിയുടെ വാദം കോടതി തള്ളി. സമുദ്രാതിർത്തിക്കു പുറത്തു നടന്നാലും അതിന്റെ പ്രത്യാഘാതങ്ങൾ കേരളം നേരിടുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ ഹർജിക്ക് സാധുതയുണ്ടെന്ന് കോടതി വിലയിരുത്തി. എന്നാൽ നഷ്ടം എത്രയെന്നും പരിഹാര, പുനരുദ്ധാരണ നടപടികൾക്ക് എന്തു ചെലവു വരുമെന്നതും തിട്ടപ്പെടുത്തേണ്ടത് വിചാരണയിലാണെന്നും വ്യക്തമാക്കി.
എണ്ണച്ചോർച്ചയുടെ പേരിൽ 8554.39 കോടിയാണ് കേരളം ചോദിച്ചത്. ഇതിനുള്ള വസ്തുതകൾ പ്രഥമദൃഷ്ട്യാ ലഭ്യമല്ല. അതിനാൽ എണ്ണച്ചോർച്ചയുടെ പേരിൽ തത്കാലം 500 കോടിയുടെ സെക്യൂരിറ്റി മതിയാകുമെന്ന് കോടതി പറഞ്ഞു. മറ്റ് ക്ലെയിമുകളിൽ പലതും കുറച്ചില്ലെങ്കിലും അപകടകാരിയായ രാസമാലിന്യങ്ങൾക്ക് സർക്കാർ ചോദിച്ച 152.1 കോടി രൂപയ്‌ക്കുള്ള സെക്യൂരിറ്റി കോടതി തത്കാലം ഒഴിവാക്കി.
സർക്കാർ ക്ലെയിം ചെയ്ത തുക /
കോടതി നിശ്ചയിച്ച സെക്യൂരിറ്റി (കോടി രൂപ) എണ്ണച്ചോർച്ച മലിനീകരണം- 8,554.39/ 500 കാർഗോ മലിനീകരണം- 71.7/ 41.31 മലിനീകരണ പ്രതിരോധം- 18/ 3 മീൻപിടിത്ത നിരോധനം കാരണം മത്സ്യത്തൊഴിലാളികളുടെ നഷ്ടം- 160.51/ 54.93
ക്ലെയിം നിലനിറുത്തിയത് (കോടി രൂപ)
മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെലവ്- 1.38
ഫിഷറീസ് വകുപ്പിന്റെ പഠനം- 0.45 പ്ലാസ്റ്റിസ് മലിനീകരണ പരിഹാരം-150.45
ഇതര മലിനീകരണ പരിഹാരം- 56.10
വിപണിയിലെ ഭീതിമൂലം മത്സ്യത്തൊഴിലാളികളുടെ നഷ്ടം- 349
മത്സ്യലഭ്യതാനഷ്ടം- 71