പാലിയേക്കര ടോൾ വിലക്ക് 30വരെ തുടരും
കൊച്ചി: ദേശീയപാതയിൽ തൃശൂർ പാലിയേക്കരയിലെ ടോൾ വിലക്ക് 30വരെ തുടരും. അടിപ്പാത നിർമ്മാണം നടക്കുന്ന ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നവും തുടരുന്നുവെന്ന മേൽനോട്ട സമിതി റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. അറ്റകുറ്റപ്പണികളുടെ പുരോഗതി സംബന്ധിച്ച് 30ന് പുതിയ റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
മണ്ണിടിഞ്ഞ മുരിങ്ങൂർ മേഖലയിലടക്കം സ്ഥിതി എന്താണെന്ന് കോടതി ചോദിച്ചു. സർവീസ് റോഡുകളുടെ സ്ഥിതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും പോരായ്മകൾ പരിഹരിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാരിനായി ഹാജരായ അഡി. സോളിസിറ്റർ ജനറൽ എ.ആർ.എൽ.സുന്ദരേശൻ പറഞ്ഞു. ടോൾ വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ടു.
ഗതാഗതം സുഗമമായിട്ടില്ലെന്നും സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുകയാണെന്നും കളക്ടർ അർജുൻ പാണ്ഡ്യൻ ഓൺലൈനിൽ ഹാജരായി അറിയിച്ചു. പണി നടക്കുമ്പോൾ മണ്ണിടിയാനുള്ള സാദ്ധ്യത ഹൈവേ അതോറിട്ടിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന നിർദ്ദേശം പൂർണമായും പാലിച്ചിട്ടില്ല. കഴിഞ്ഞദിവസം ആമ്പല്ലൂരിൽ ഒരു മണിക്കൂർ നീണ്ട കുരുക്ക് രൂപപ്പെട്ടിരുന്നുവെന്നും വിശദീകരിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പൊതുജനം സഹിക്കുകയും സഹകരിക്കുകയും വേണമെന്ന് വ്യക്തമാക്കിയ കോടതി, സുരക്ഷാ പ്രശ്നങ്ങൾ അടക്കം ഉന്നയിച്ച സാഹചര്യത്തിൽ ടോൾ വിലക്ക് നീക്കാനാകില്ലെന്നും വ്യക്തമാക്കി.
വല്ലാർപാടത്ത്
രണ്ടാഴ്ച സമയം
അറ്റകുറ്റപ്പണി നീളുന്നതിനാൽ കൊച്ചി കളമശേരിയിൽ നിന്ന് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള പാതയിൽ ടോൾ വിലക്കണമെന്ന ഹർജിയും ഹൈക്കോടതി പരിഗണിച്ചു. റോഡിന്റെയും പാലങ്ങളുടെയും അറ്റകുറ്റപ്പണി മിക്കവാറും പൂർത്തിയായെന്നും രണ്ടാഴ്ചയ്‌ക്കകം റോഡ് പൂർണമായും തുറക്കുമെന്നും ഹൈവേ അതോറിട്ടിയും കരാറുകാരനും ഉറപ്പുനൽകി. അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ പാലക്കാട് പന്നിയങ്കരയിലെ ടോൾ വിലക്കണമെന്ന ഹർജികൾ ഒക്ടോബർ 8ന് പരിഗണിക്കാൻ മാറ്റി.