പി.പി. ദിവ്യയ്ക്കെതിരായ അന്വേഷണത്തിൽ തീരുമാനമെടുക്കണം

Friday 26 September 2025 12:12 AM IST

കൊച്ചി: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ബിനാമി കമ്പനി രൂപീകരിച്ച് ഇടപാടുകൾ നടത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തുന്നതിൽ രണ്ടു മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. വിജിലൻസിന് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയെ ഹർജിയിൽ കക്ഷി ചേർത്തു.

പരാതി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും വിജിലൻസ് വിശദീകരിച്ചു. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്, നിർമ്മിതി കേന്ദ്ര എന്നിവയുടെ കരാറുകൾ ടെൻഡർ പോലുമില്ലാതെ ബിനാമി കമ്പനിക്ക് കൈമാറിയെന്നാണ് ഹർജിയിലെ ആരോപണം.